ഇസ്ലാമാബാദില്‍ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ ആരോപണം നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കാനായി പാകിസ്ഥാന്‍ നേതൃത്വം പ്രചരിപ്പിക്കുന്ന കള്ളമാണിതെന്നും ഇത്തരം കുപ്രചരണങ്ങളെ ഇന്ത്യ തള്ളികളയുന്നതായി വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
പാകിസ്ഥാന്‍ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ഇന്ത്യ തള്ളികളയുന്നു. സൈനിക പ്രേരിതമായി രാജ്യത്ത് നടക്കുന്ന ഭരണഘടനാ അട്ടിമറിയില്‍ നിന്നും പൊതുജനശ്രദ്ധ തിരിക്കുന്നതിന് ഇന്ത്യക്കെതിരെ തെറ്റായ കഥകള്‍ മെനയുന്നത് പാകിസ്ഥാന്റെ പ്രവചാനാതീതമായ തന്ത്രമാണ്. യാഥാര്‍ഥ്യം എന്താണെന്ന് അന്താരാഷ്ട്ര സമൂഹത്തിന് നന്നായി അറിയാം. പാകിസ്ഥാന്റെ കുതന്ത്രങ്ങള്‍ കൊണ്ട് ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. രണ്‍ധീര്‍ ജയ്‌സ്വാള്‍ അഭിപ്രായപ്പെട്ടു.
12 പേരാണ് പാകിസ്ഥാനിലെ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആരോപിച്ചിരുന്നു.ഇന്ത്യന്‍ സ്‌പോണ്‍സേര്‍ഡ് ഭീകരസംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഷഹബാസ് ഷെരീഫ് പറഞ്ഞത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ ഏറ്റെടുത്തു.