പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ നടത്തിവരുന്ന ഭീകരപ്രവര്‍ത്തനങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ തുറന്നടിച്ച് ഇന്ത്യ. കഴിഞ്ഞ 40 വര്‍ഷത്തിനിടെ പാകിസ്ഥാന്റെ ഭീകരാക്രമണങ്ങളില്‍ 20,000ല്‍ അധികം ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ പര്‍വ്വതനേനി ഹരീഷ് ആണ് ഇക്കാര്യം ഐക്യരാഷ്ട്ര സഭയുടെ മുന്നാകെ ചൂണ്ടിക്കാട്ടിയത്.
അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ നല്‍കിവരുന്ന പിന്തുണയുടെ ഗുരുതര സ്വഭാവം ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ തുറന്നു കാട്ടുകയായിരുന്നു ഹരീഷ്. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്താന്‍ നല്‍കി വരുന്ന പിന്തുണ അവസാനിപ്പിക്കാതെ സിന്ധുനദീജലക്കരാര്‍ മരവിച്ച നടപടി പിന്‍വലിക്കില്ലെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ജലം ജീവിതമാണെന്നും യുദ്ധത്തിനുള്ള ഉപകരണമല്ലെന്നുമുള്ള പാകിസ്ഥാന്‍ പ്രതിനിധിയുടെ വാദത്തോട് പ്രതികരിക്കുകയായിരുന്നു പര്‍വ്വതനേനി ഹരീഷ്.
ഒരു നദിയുടെ തീരത്തുള്ള ഇരുരാജ്യങ്ങളെന്ന നിലയില്‍ സിന്ധുനദീജലക്കരാറില്‍ ഇന്ത്യ ഏറ്റവും ഉത്തരവാദിത്വമുള്ള രീതിയിലാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ നല്‍കി വരുന്ന പിന്തുണ ഒരുതരത്തിലും ന്യായീകരണമര്‍ഹിക്കുന്നില്ല.
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേരാണ് കൊല്ലപ്പെട്ടതെന്നും ഹരീഷ് മറുപടി നല്‍കി. 65 വര്‍ഷം മുന്‍പ് ശുഭാപ്തി വിശ്വാസത്തോടെയാണ് സിന്ധുനദീജലക്കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്. എന്നാല്‍ മൂന്ന് യുദ്ധങ്ങളും ഭീകരാക്രമണങ്ങളും നടത്തി പലതവണ പാകിസ്ഥാന്‍ കരാറിന്റെ അടിത്തറ ലംഘിച്ചുവെന്നും പര്‍വ്വതനേനി ഹരീഷ് പറഞ്ഞു.