'ഈ തീരുമാനം കൊണ്ട് എന്താണ് പ്രയോജനം'; പാക്കിസ്ഥാന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്ന് പറഞ്ഞുവിടണോ?
നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പാക്കിസ്ഥാന്‍ പൗരന്‍മാരുടെയും വീസ റദ്ദാക്കാന്‍ തീരുമാനമായിട്ടുണ്ട്
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പാക്ക് പൗരന്‍മാരും ഇന്ത്യ വിടണമെന്ന തീരുമാനത്തെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ. ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ പൗരന്‍മാരെ പറഞ്ഞുവിടുന്നതു കൊണ്ട് എന്താണ് പ്രയോജനമെന്നാണ് ചോദ്യം.
നിലവില്‍ ഇന്ത്യയിലുള്ള എല്ലാ പാക്കിസ്ഥാന്‍ പൗരന്‍മാരുടെയും വീസ റദ്ദാക്കാന്‍ തീരുമാനമായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. പഠനാവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ പൗരന്‍മാരായ വിദ്യാര്‍ഥികള്‍ അടക്കം തിരിച്ചുപോകേണ്ട അവസ്ഥയിലാണ്.
പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ നയതന്ത്രബന്ധം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചു. സാര്‍ക് വീസ എക്സ്റ്റന്‍ഷന്‍ സ്‌കീം പ്രകാരം വീസ ലഭിച്ച എല്ലാ പാക്കിസ്ഥാന്‍കാരുടെയും വീസ റദ്ദാക്കിയിട്ടുണ്ട്. പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് രാജ്യം വിടാന്‍ ഒരാഴ്ച സമയം നല്‍കി. പാക്കിസ്ഥാനിലുള്ള ഇന്ത്യന്‍ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാനും തീരുമാനമായി.
വാഗ-അട്ടാരി അതിര്‍ത്തി പൂര്‍ണമായി അടയ്ക്കും. കൃത്യമായ രേഖകളോടെ അതിര്‍ത്തി കടന്നു വന്നവര്‍ക്ക് മേയ് ഒന്നിനു മുന്‍പ് തിരിച്ചുപോകാന്‍ അവസരമുണ്ട്. അല്ലാത്തപക്ഷം അവരെ അനധികൃത കുടിയേറ്റത്തില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കും.