Narendra Modi: 'പിഴച്ചത് എവിടെ'; സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ച, അടിയന്തരമായി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി
Pahalgam Terror Attack: അനന്ത്‌നാഗിലെ പഹല്‍ഗാമിലെ ബൈസരണ്‍ താഴ് വരയിലാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്
Narendra Modi: കശ്മീരിലെ പഹല്‍ഗാമില്‍ ഉണ്ടായ ഭീകരാക്രമണത്തിനു കാരണം സുരക്ഷാവീഴ്ചയെന്ന് വിലയിരുത്തല്‍. 2019 ലെ പുല്‍വാമ ആക്രമണത്തിനു ശേഷം കശ്മീരില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ ഉണ്ടായത്. ഭീകരസംഘം അനായാസം കൃത്യം നിര്‍വഹിച്ചത് എങ്ങനെയെന്ന് സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കും.
അനന്ത്‌നാഗിലെ പഹല്‍ഗാമിലെ ബൈസരണ്‍ താഴ് വരയിലാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. വിനോദ സഞ്ചാരികള്‍ എത്തുന്ന മേഖലയായതിനാല്‍ ഇവിടെ അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ട്. ഇതെല്ലാം കടന്നാണ് ഭീകരര്‍ ആക്രമണം നടത്തിയത്. സൈനിക വേഷത്തിലാണ് ഭീകരര്‍ എത്തിയത്. ഇത് ആക്രമണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
സൈനിക വേഷത്തിലെത്തിയ ഭീകരര്‍ വിനോദ സഞ്ചാരികളെ തിരഞ്ഞുപിടിച്ച് വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഭീകരസംഘടന ലഷ്‌കര്‍ ഇ തെയ്ബയുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞയാഴ്ചയാണ് കശ്മീര്‍ സന്ദര്‍ശനം നടത്തിയത്. കൃത്യം ഒരാഴ്ച കഴിയുമ്പോള്‍ ഇത്ര വലിയൊരു ഭീകരാക്രമണം നടന്നത് കേന്ദ്ര സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നു.
സംഭവം അറിഞ്ഞയുടനെ ആഭ്യന്തരമന്ത്രി അമിത് ഷായോടു കശ്മീരിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. സൗദി സന്ദര്‍ശനത്തിലായിരുന്ന പ്രധാനമന്ത്രി അടിയന്തരമായി ന്യൂഡല്‍ഹിയില്‍ തിരിച്ചെത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി. പ്രത്യേക മന്ത്രിസഭായോഗം മോദി വിളിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.