കേന്ദ്രസർക്കാരിൻ്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻ്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ സൈനികമേധാവി ജനറൽ വികെ മാലിക്. ഇത്തരം അക്രമണങ്ങൾക്ക് ഉത്തരവാദികളായ ഗുണ്ടകളെ റിക്രൂട്ട് ചെയ്യാൻ സൈന്യം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സായുധസേന ഒരു സന്നദ്ധ സംഘടനയോ ക്ഷേമ സംഘടനയോ അല്ല. രാജ്യത്തിന് വേണ്ടി പോരാടാനും പ്രതിരോധിക്കാനും കഴിയുന്ന മികച്ച ആളുകളാകണം അതിലേക്ക് വരേണ്ടത്. അല്ലാതെ ഗുണ്ടായിസത്തിൽ ഏർപ്പെടുന്നവരും ട്രെയിനുകളും ബസുകളും കത്തിക്കുന്നവരുമല്ല. അത്തരക്കാർ സേനയിൽ ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വിപി മാലിക് പറഞ്ഞു.
അതേസമയം റിക്രൂട്ട്മെൻ്റ് താൽക്കാലികമായി നിർത്തിവെച്ചത് മൂലം ടെസ്റ്റ് പൂർത്തിയാക്കാൻ കഴിയാത്ത നിരവധി ഉദ്യോഗാർഥികളുണ്ട് എന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.