ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നെന്ന് റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍
ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തിന് ചേരുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് ഒരു വര്‍ഷത്തിനിടെ നിരവധി തവണയായി സര്‍ക്കാര്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണെന്നും വിദേശകാര്യ സെക്രട്ടറി റണ്‍ദീപ് ജെയ്സ്‌വാള്‍ പറഞ്ഞു.
എക്‌സില്‍ പങ്കുവച്ച പ്രസ്താവനയിലാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിയ രണ്ട് യുവാക്കളെ യുദ്ധത്തിനായി കൊണ്ടുപോയെന്ന ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഈ രണ്ട് യുവാക്കളും കിഴക്കന്‍ യുക്രെയിനിലാണുള്ളത്. 13 ഇന്ത്യക്കാരും സമാന സാഹചര്യത്തില്‍ ഇവിടെ എത്തിപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.