പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിരുന്നെന്ന് സമ്മതിച്ച് ജമ്മുകാശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ
ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിരുന്നെന്ന് സമ്മതിച്ച് ജമ്മുകാശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. സുരക്ഷാവീഴ്ചയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ആക്രമണം നടന്ന പുല്‍മേട് തുറന്ന സ്ഥലമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അവിടെ ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഇല്ലായിരുന്നു. ഇത് പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരാക്രമണമായിരുന്നു. കശ്മീരിന്റെ സമ്പത്ത് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും വര്‍ഗീയ വിഭജനം ആളി കത്തിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ആക്രമണമായിരുന്നു ഇത്. ഭീകരര്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിടില്ല എന്നായിരുന്നു കാശ്മീരില്‍ പൊതുവേയുള്ള വിശ്വാസം.
ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ജമ്മു കാശ്മീരില്‍ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് നേരെയുള്ള ഏതൊരു ഭീകരാക്രമണവും യുദ്ധത്തിനുള്ള കാരണമായി കണക്കാക്കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.