ഞാൻ അമ്മയ്ക്ക് വാക്ക് തരുന്നു - ജാൻവിയുടെ ഹൃദയസ്പർശിയായ കുറിപ്പ്
ഞങ്ങളുടെ അനുഗ്രഹമായിരുന്നു അമ്മ: ജാൻവി എഴുതുന്നു
ബോളിവുഡിന്റെ സ്വപ്നസുന്ദരി ശ്രീദേവി അന്തരിച്ചിട്ട് ഇന്നേക്ക് 8 ദിവസം. പരിശുദ്ധമായ സ്‌നേഹത്തിന്റെ നിറകുടമാണ് അമ്മയെന്ന് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അനുസ്മരിച്ചു. ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് നിമജ്ജനം ചെയ്ത ശേഷമായിരുന്നു അമ്മയെ അനുസ്മരിച്ച് ജാന്‍വിയുടെ ഹൃദയ സ്പര്‍ശിയായ കുറിപ്പ് വന്നത്.
പൂര്‍ണ്ണമായി ഹൃദയം കാര്‍ന്നു തിന്നുന്ന ശൂന്യതയോടെ വേണം ഇനി ജീവിക്കാനായിട്ട് എന്നു എനിക്ക് അറിയാം. എനിക്കിപ്പോഴും അമ്മയുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുണ്ട്. എല്ലാ വേദനകളിൽ നിന്നും വിഷമങ്ങളിൽ നിന്നും അമ്മ എന്നെ സംരക്ഷിക്കുന്നതായി എനിക്ക് അനുഭവപ്പെടുന്നു. എപ്പോഴൊക്കെ ഞാൻ എന്റെ മിഴികൾ അടക്കുന്നുവോ, അപ്പോഴൊക്കെ എനിക്ക് നല്ല കാര്യങ്ങൾ മാത്രമേ ചിന്തിക്കാൻ കഴിയുന്നുള്ളു. നല്ലത് മാത്രമേ എന്റെ മനസ്സിൽ വരുന്നുള്ളു. അതിനു കാരണം അമ്മയാണെന്ന് എനിക്കറിയാം.
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു അമ്മ. എന്റെ സുഹൃത്തുക്കള്‍ എപ്പോഴും പറയുന്ന കാര്യമാണ് ഞാന്‍ എല്ലാ വേളയിലും സന്തുഷ്ടയാണ് എന്നത്. ഇപ്പോള്‍ അതിനു പിന്നിലെ കാരണം അമ്മയായിരുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നു. ആളുകള്‍ എന്തു പറഞ്ഞാലും പ്രശ്‌നമില്ലായിരുന്നു. കാരണം എനിക്ക് അമ്മയുണ്ടായിരുന്നു.
എന്റെ ആത്മസുഹൃത്ത് ആയിരുന്നു അമ്മ. എനിക്ക് അമ്മയ്ക്ക് മതിപ്പുണ്ടാക്കുന്ന വിധത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കണം. അമ്മ ആഗ്രഹിച്ചത് പോലെ. എല്ലാ ദിനവും രാവിലെ അമ്മ എനിക്ക് അഭിമാനമായിരിക്കുന്നതു പോലെ അമ്മയക്ക് ഞാന്‍ അഭിമാനമായി മാറുന്നത് സ്വപ്‌നം കാണുന്നുണ്ട്. എന്റെയും പപ്പയുടെയും ഖുഷിയുടെയും കൂടെ അമ്മയുണ്ട്.