മുത്തശ്ശിയെയും കൊച്ചുമകളെയും കഴുത്തറുത്തു കൊലപ്പെടുത്തി; യുവാവ് അറസ്‌റ്റില്‍
മുത്തശ്ശിയെയും കൊച്ചുമകളെയും കഴുത്തറുത്തു കൊലപ്പെടുത്തി; യുവാവ് അറസ്‌റ്റില്‍
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മാധ്യമപ്രവർത്തകന്റെ അമ്മയും മകളും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ. പ്രാദേശിക പത്രലേഖകൻ രവികാന്ത് കംബ്ലയുടെ മാതാവ് ഉഷ കംബ്ല (52)യെയും ഒരുവയസുള്ള മകൾ രാഷിയെയുമാണ് കഴുത്തറത്തു കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ഗണേഷ് ഷാഹു (26) എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച വൈകിട്ട് കാണാതായ ഉഷയുടെയും രാഷിയുടെയും മൃതദേഹം ഞായറാഴ്ച രാവിലെ 10.30ഓടെ നാഗ്പൂരിലെ ബഹാദുരയിലുള്ള നദിക്കരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇരുവരുടെയും ശരീരത്തില്‍ ആഴത്തില്‍ മുറിവുകളേറ്റിരുന്നു.
ഉഷയെയും മകളെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രാത്രി പത്തുമണിയോടെ രവികാന്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം ലഭിച്ചത്.
ഉഷ പണം പലിശയ്ക്കു കൊടുക്കാറുണ്ടായിരുന്നുവെന്നും ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലയ്‌ക്ക് കാരണമായതെന്നും ജോയിന്റ് കമ്മിഷണർ ശിവജി ബോട്കെ പറഞ്ഞു.
സംഭവദിവസം ചിട്ടി പണവുമായി ബന്ധപ്പെട്ട് ഉഷയും ഷാഹുവും തമ്മിൽ വഴക്കുണ്ടായി. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഉഷയെ പടിക്കെട്ടില്‍ നിന്നും താഴേക്ക് തള്ളിയിട്ടതിനുശേഷം ഷാഹു കഴുത്തുമുറിക്കുകയായിരുന്നു. ഇതു കണ്ട രാഷിയെയും ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടപ്പാക്കിയ ശേഷം മൃതദേഹങ്ങൾ ചാക്കിൽക്കെട്ടി നദിക്കരയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ബോട്കെ വ്യക്തമാക്കി.
അതേസമയം, കേസില്‍ പൊലീസ് ഇടപെടലുകള്‍ നടത്തിയെന്നും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും രവികാന്തും കുടുംബവും ആരോപിക്കുന്നുണ്ട്.