ഇന്ത്യയുടെ കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 23 വയസ്. യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ഓര്‍മയ്ക്കാണ് കാര്‍ഗില്‍ വിജയദിനം ആചരിക്കുന്നത്. ഇന്ത്യന്‍ പ്രദേശത്ത് പാക് പട്ടാളം നുഴഞ്ഞുകയറിയതാണ് യുദ്ധത്തിന് കാരണം. മൂന്നുമാസമാണ് യുദ്ധം നീണ്ടുനിന്നത്. ഇന്ത്യന്‍ വായുസേനയുടെ പിന്‍ബലത്തോടെ ഇന്ത്യന്‍ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മര്‍ദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാന്‍ പാകിസ്താനെ നിര്‍ബന്ധിതമാക്കി.
സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയര്‍ന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയര്‍ന്ന മലനിരകള്‍ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങള്‍ക്കായി ഏറെ പണം ചിലവിടാന്‍ തുടങ്ങി, പാകിസ്താനിലാകട്ടെ യുദ്ധം സര്‍ക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടര്‍ന്ന് 1999 ഒക്ടോബര്‍ 12-നു പാകിസ്താന്‍ പട്ടാളമേധാവി പര്‍വേസ് മുഷാറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.