കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി നാലുവയസ്സുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ മണ്ടിയായിലെ നാഗമംഗലയിലാണ് സംഭവം. 15 വയസുള്ള കുട്ടിയും നാലു വയസുകാരനും തമ്മില്‍ കളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. പശ്ചിമബംഗാള്‍ സ്വദേശികളുടെ മകനായ അഭിജിത്താണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരം 5:30 ഓടെയാണ് സംഭവം നടന്നത്. നാലു വയസ്സുകാരന്റെ തലയിലായിരുന്നു വെടിയേറ്റത്. കൂടാതെ കുട്ടിയുടെ അമ്മയുടെ കാലിനും വെടിയേറ്റു. ഇരുവരെയും ആശുപത്രിയില്‍ ഉടന്‍ പ്രവേശിപ്പിച്ചെങ്കിലും നാലു വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തലയില്‍നിന്ന് വലിയ രീതിയില്‍ രക്തസ്രാവം ഉണ്ടായതാണ് മരണത്തിന് കാരണമായത്.