കർണാടക പിടിച്ചെടുക്കാൻ ബിജെപിയും കോൺഗ്രസും, ഇന്ന് കലാശക്കൊട്ട്; ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
കർണാടക പിടിച്ചെടുക്കാൻ ഇരുമുന്നണികളും; ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. ശനിയാഴ്‌ചയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിൽ 2654 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
മാസങ്ങൾ നീണ്ടുനിന്ന പ്രചരണത്തിൽ കർണാടക പിടിച്ചെടുക്കുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. 18 റാലികളിൽ പങ്കെടുത്ത അദ്ദേഹം കർഷക പ്രശ്‌നങ്ങൾ, അഴിമതി, ജാതീയത, പ്രാദേശികവാദം തുടങ്ങിയ വിഷയങ്ങളെല്ലാം മുന്നോട്ടുവച്ചു വോട്ടുതേടി. അതുകൊണ്ടുതന്നെ സീറ്റുകൾ കൂട്ടി അധികാരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. കോൺഗ്രസ് ഭരണത്തേയും രാഹുൽ ഗാന്ധിയേയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് മോദി തന്റെ പ്രചരണം അവസാനിപ്പിച്ചത്.
അതേസമയം, ക്ഷേത്രങ്ങളിലെത്തി പൂജകൾ നടത്തിയും മഠങ്ങളും ദർഗ്ഗകളും സന്ദർശിച്ചും ഗുജറാത്തിൽ നടത്തിയ അതേ പ്രചരണതന്ത്രമാണ് രാഹുൽ ഗാന്ധി കർണാടകയിലും പ്രയോഗിച്ചത്. ഒപ്പം പെട്രോൾ വിലവർദ്ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായി കാളവണ്ടിയിലും സൈക്കിളിലും രാഹുൽ പ്രചരണം നടത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുന്നിൽ നിർത്തി നടത്തിയ കോൺഗ്രസിന്റെ പ്രചരണത്തിൽ രാഹുൽ ഒരു മാസം സംസ്ഥാനത്ത് ചെലവഴിച്ചിരുന്നു. മൻമോഹൻസിങ് അടക്കം നിരവധി നേതാക്കൾ റാലിയിൽ പങ്കെടുത്തു. രണ്ട് വർഷത്തിന് ശേഷം സോണിയ ബംഗളൂരുവിൽ പൊതുപരിപാടിയിലെത്തിയതിനാൽ വോട്ട് കൂടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
മേയ് 12-ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. 15-ന് ഫലം പ്രഖ്യാപിക്കും. ജയനഗറില്‍ ബിജെപി സ്ഥാനാർത്ഥി ബി എന്‍ വിജയകുമാര്‍ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.