പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കശ്മീര്‍ പോലീസ്; 2800 പേരെ കസ്റ്റഡിയിലെടുത്തു
കൂടാതെ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിക്കുന്നവര്‍ക്കെതിരെ നടപടി കടുപ്പിച്ച് കശ്മീര്‍ പോലീസ്. 2800 പേരെ കസ്റ്റഡിയിലെടുത്തു. കാശ്മീര്‍ ഐജി വികെ ബിര്‍ദി ആണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 90 പേര്‍ക്കെതിരെ പിഎസ്എ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടാതെ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ജനങ്ങളുമായി പരമാവധി സഹകരിച്ചാണ് നടപടികളെന്നും സംസ്ഥാനം വ്യാപകമായി തിരച്ചില്‍ നടത്തുകയാണെന്നും ഐജി അറിയിച്ചു.
അതേസമയം കരസേന അടിയന്തര സാഹചര്യം നേരിടാനുള്ള മോക് ഡ്രില്‍ നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ അണച്ച് മോക് ഡ്രില്‍ നടത്തിയത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭ രക്ഷാ സമിതി യോഗം ചേരണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് രാജ്യം ആഗ്രഹിക്കുന്ന തിരിച്ചടി നല്‍കുമെന്നും അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും പ്രതിരോധമന്ത്രി രാജനാഥ് സിങ്ങ് പറഞ്ഞു.