കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ ഡല്‍ഹിയും ഉത്തര്‍പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വന്തം നിലയില്‍ ആയുധങ്ങളും ടാങ്കുകളും വാങ്ങേണ്ടി വരുമോ എന്നും വാക്‌സിൻ നയത്തെ വിമർശിച്ചുകൊണ്ട് കെജ്‌രിവാൾ ചോദിച്ചു.
എന്റെ അറിവിൽ സംസ്ഥാന സർക്കാരുകൾക്കൊന്നും തന്നെ ഒരു ഡോസ് വാക്‌സിൻ പോലും ഇതുവരെ വാങ്ങാനായിട്ടില്ല. വാക്‌സിന്‍ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരുകളോട് സംസാരിക്കാന്‍ വിസമ്മതിക്കുകയാണ്. വെർച്വൽ വാർത്താസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു. രാജ്യം കൊവിഡിനെതിരായി പ്രവർത്തിക്കുമ്പോൾ കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യ എന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.കോവിഡ് വാക്‌സിന്‍ നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. സംസ്ഥാനങ്ങളല്ല അത് സംഭരിക്കേണ്ടത്. വാക്‌സിനേഷന്‍ വൈകുംതോറും എത്ര ജീവനുകള്‍ നഷ്ടപ്പെടുമെന്ന് പറയാനാകാത്ത അവസ്ഥയാണെന്നും കെജ്‌രിവാൾ പറഞ്ഞു.
കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല. നമ്മുടെ രാജ്യം കോവിഡിന് എതിരായ യുദ്ധത്തിലാണ്. പാകിസ്ഥാൻ ഇന്ത്യയെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാൽ യു.പിക്ക് സ്വന്തം നിലയില്‍ ടാങ്കുകളും ഡല്‍ഹിക്ക് സ്വന്തമായി തോക്കുകളും വാങ്ങേണ്ടി വരുമോ ? കെജ്‌രിവാൾ ചോദിച്ചു.
വാക്‌സിന്‍ ക്ഷാമം സംബന്ധിച്ച പരാതികള്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഉയരുന്നതിനിടെയാണ് കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി കെജ്‌രിവാള്‍ രംഗത്തെത്തിയിട്ടുള്ളത്. ഡൽഹി സർക്കാരിന് കൂടുതൽ ഡോസുകൾ നൽകാൻ ഭാരത് ബയോടെക് വിസമ്മതിച്ചതായി കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പരാതി ഉന്നയിച്ചത്.