കടമെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജിയില്‍ കേരളത്തിന് ആശ്വാസം. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് മുന്‍പ് സംസ്ഥാനത്തിന് 13,608 കോടി രൂപ കടമെടുക്കാന്‍ അര്‍ഹതയുള്ളതായും ഈ തുക കടമെടുക്കാനുള്ള അനുമതി സംസ്ഥാന സര്‍ക്കാരിന് അടിയന്തിരമായി നല്‍കണമെന്നും കേന്ദ്രത്തിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
സുപ്രീംകോടതിയില്‍ സംസ്ഥാനം നല്‍കിയ ഹര്‍ജി പിന്‍വലിച്ചാല്‍ മാത്രമെ ഈ തുക എടുക്കാന്‍ സംസ്ഥാനത്തിന് അധികാരം നല്‍കാന്‍ കഴിയു എന്ന കേന്ദ്രനിലപാടിനെയും സുപ്രീംകോടതി വിമര്‍ശിച്ചു. അധികതുക കടമെടുക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രവും ചര്‍ച്ച ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. കടമെടുപ്പിന് പരിധി നിശ്ചയിച്ചുകൊണ്ട് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കാണിച്ചാണ് കേരളം സ്യൂട്ട് ഹര്‍ജി നല്‍കിയത്.