ലഖിംപുർ സംഘർഷത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്ക് വീഴ്‌ച്ച പറ്റിയതായി ബിജെപിയുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുമ്പ് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തുന്നത്. അജയ് മിശ്രയോട് ദില്ലിയിൽ എത്താൻ ബിജെപി നേതൃത്വം നിർദ്ദേശിച്ചു.
അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് അജയ്മിശ്രയുടെ വാദം. ഇതിനിടെ സംഘർഷത്തിൽ കൊല്ലപ്പെട്ട എല്ലാ കർഷകരുടെയും മൃതദേഹം സംസ്ക്കരിച്ചു. കേന്ദ്ര സഹമന്ത്രിയേയും, മകനെയും ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് കിസാൻ മോർച്ച അന്ത്യശാസനം നൽകിയിരിക്കുന്നത്. പോലീസ് എഫ്ഐആറിലടക്കം കൊലപാതകത്തിന്റെ പങ്ക് വ്യക്തമാണെന്നും അറസ്റ്റ് നീണ്ടാൽ പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.
കർഷകർക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തിൽ മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉണ്ടായിരുന്നതായി എഫ്ഐആറിൽ പറയുന്നു. ആൾക്കൂട്ടത്തിന് നേരെ ഇയാൾ വെടിവച്ചന്നും എഫ് ഐ ആറിൽ പറയുന്നു. ഇതോടെ മകൻ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദമാണ് പൊളിയുന്നത്. അതേസമയം ലഖിംപുർ സന്ദർശനത്തിനായി രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഇന്ന് ഉത്തർപ്രദേശിലെത്തും.