പിഎം ശ്രീ പദ്ധതിയില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി; സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി
ഫണ്ടിനു വേണ്ടി നയം മാറ്റാനാകില്ലെന്ന വാദവുമായി സിപിഐ ശക്തമായി രംഗത്തെത്തി.
പി എം ശ്രീ പദ്ധതിയില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി തുടരുന്നു. ഫണ്ടിനു വേണ്ടി നയം മാറ്റാനാകില്ലെന്ന വാദവുമായി സിപിഐ ശക്തമായി രംഗത്തെത്തി. ഘടകകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തുന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്നാണ് സൂചന. പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സിപിഎമ്മിന്റെ തീരുമാനം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഇനി 40 ദിവസം കൂടിയേ ഉള്ളു. ആറുമാസം കഴിഞ്ഞാല്‍ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നുണ്ട്. അതേസമയം സിപിഎമ്മിനെ നന്ദിഗ്രാം ഓര്‍മിപ്പിച്ച് സിപിഐ ദേശീയ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. ബംഗാളില്‍ കണ്ട പ്രവണതകള്‍ കേരളത്തിലെ തുടര്‍ ഭരണത്തില്‍ കാണുന്നു എന്ന് കഴിഞ്ഞദിവസം ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റ് വിലയിരുത്തി. ബംഗാളിലെ വ്യതിയാനം അന്ന് സിപിഐ ചൂണ്ടിക്കാട്ടിയതാണ്. അതേസമയം ഏത് സമയത്തും രാജിവയ്ക്കാന്‍ തയ്യാറാണെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു കഴിഞ്ഞു.
തിങ്കളാഴ്ച സംസ്ഥാന നിര്‍വാഹ സമിതി യോഗം ചേരും. എല്‍ഡിഎഫില്‍ എന്തും സംഭവിക്കാവുന്ന നിലയാണ് ഇപ്പോള്‍ ഉള്ളത്. സിപിഎമ്മിന് സിപിഐയെക്കാള്‍ പ്രിയം ബിജെപിയോടെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ചര്‍ച്ച ചെയ്യാമെന്ന് പറയുമ്പോഴും ഒപ്പിട്ടത്തില്‍ നിന്ന് പിന്മാറാന്‍ ഇല്ലെന്നാണ് സിപിഎം നിലപാട്. അതേസമയം പിന്മാറിയാല്‍ മാത്രമേ പ്രശ്‌നം തീരുകയുള്ളൂ എന്നാണ് സിപിഐ പറയുന്നത്. സമീപകാലത്ത് ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇപ്പോള്‍ എല്‍ഡിഎഫിനുള്ളത്.