ശബരിമല സ്വര്‍ണക്കൊളള: ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് കൈമാറിയ സ്വര്‍ണം കണ്ടെത്തി
ഗോവര്‍ധനന്റെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം പ്രത്യേകത അന്വേഷണസംഘം കണ്ടെത്തിയത്.
ശബരിമല സ്വര്‍ണക്കൊളളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് കൈമാറിയ സ്വര്‍ണം കണ്ടെത്തി എസ്‌ഐടി. ഗോവര്‍ധനന്റെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം പ്രത്യേകത അന്വേഷണസംഘം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വര്‍ണ്ണ കട്ടികളാണ് കണ്ടെടുത്തത്. 400 ഗ്രാമിന് മുകളിലുള്ള സ്വര്‍ണ്ണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്.
കൂടാതെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടാതെ രണ്ടു ലക്ഷത്തോളം രൂപയും കണ്ടെടുത്തു. അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തെളിവെടുപ്പ് ഇന്നും തുടരും. പോറ്റിയെ ബാംഗ്ലൂരില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് വേര്‍തിരിച്ച സ്വര്‍ണ്ണം കര്‍ണാടകയിലെ സ്വര്‍ണ്ണ വ്യാപാരിക്ക് വിറ്റുവെന്ന് നേരത്തേ എസ്ഐടി കണ്ടെത്തിയിരുന്നു. ബെല്ലാരി സ്വദേശിയായ ഗോവര്‍ധനാണ് പോറ്റി സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ചത്. സ്വര്‍ണ്ണം വാങ്ങിയതായി ഗോവര്‍ധനനും സമ്മതിച്ചു.
ശബരിമല സ്വര്‍ണ്ണ പാളിയില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി എന്ത് ചെയ്തു എന്നായിരുന്നു പ്രധാന ചോദ്യം. തൊണ്ടിമുതല്‍ കണ്ടെത്തുകയായിരുന്നു പ്രത്യേകത അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. അതേസമയം ശബരിമല- മാളികപ്പുറം മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരുടെ സമ്പൂര്‍ണ്ണ വിവരവും തിരഞ്ഞെടുക്കുന്ന മാനദണ്ഡവും അറിയിക്കണമെന്ന് ഹൈക്കോടതി. സഹായികളില്‍ വര്‍ഷങ്ങളായി തുടരുന്നവര്‍ ഉണ്ടോ എന്നും പോലീസ് വെരിഫിക്കേഷന്‍ നടത്തുന്നുണ്ടോ എന്നുമുള്ള കാര്യങ്ങള്‍ ഈ മാസം 31ന് അറിയിക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.