മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. സംസ്ഥാന ബിജെപി നേതാക്കള്‍ക്കൊപ്പം കമല്‍നാഥ് നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. അഭ്യൂഹങ്ങളോട് കമല്‍നാഥ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സീറ്റിനായി അവകാശവാദം ഉന്നയിച്ച് കമല്‍നാഥ് കഴിഞ്ഞ ദിവസം സോണിയാഗാന്ധിയെ കണ്ടിരുന്നു. രാജ്യസഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ കമല്‍നാഥ് ബിജെപിയില്‍ ചേരുമെന്നാണ് സൂചന. ഒപ്പം മകനും ചിന്ദ്‌വാഡ എംപിയുമായ നകുല്‍നാഥ്, കോണ്‍ഗ്രസ് എം പി വിവേക് തന്‍ഖ എന്നിവരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. കേന്ദ്രമന്ത്രിസ്ഥാനം അടക്കമുള്ള വാഗ്ദാനമാണ് നകുല്‍നാഥിന് ലഭിച്ചിട്ടുള്ളത്.
ഈ മാസം നടക്കുന്ന രാജ്യസഭാ തിരെഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ 5 സീറ്റില്‍ നാലെണ്ണത്തില്‍ ബിജെപിക്കും ഒരെണ്ണത്തില്‍ കോണ്‍ഗ്രസിനും ജയിക്കാം. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പിലെ ദയനീയമായ പരാജയത്തിന് പിന്നാലെ കമല്‍നാഥിനെ കോണ്‍ഗ്രസ് സംസ്ഥാനത്തെ പാര്‍ട്ടിയുടെ നേതൃപദവികളില്‍ നിന്നും നീക്കിയിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും തഴയപ്പെട്ട തനിക്ക് പാര്‍ലമെന്റിലെത്താന്‍ അര്‍ഹതയുണ്ടെന്നാണ് കമല്‍നാഥിന്റെ പക്ഷം.