Manmohan Singh: 'സോണിയ ഗാന്ധിയുടെ കൈയിലെ പാവ'; പരിഹാസങ്ങളെ പുഞ്ചിരിയോടെ നേരിട്ട മന്‍മോഹന്‍, നാണിക്കേണ്ട ആവശ്യമില്ലെന്ന് അന്നേ പറഞ്ഞു
കോണ്‍ഗ്രസിനോടു വിശ്വസ്തതയും നെഹ്‌റു കുടുംബത്തോടു കൂറും പുലര്‍ത്തുന്ന ഒരാളെ പ്രധാനമന്ത്രിയാക്കുകയായിരുന്നു സോണിയയുടെ ലക്ഷ്യം
Manmohan Singh and Sonial Gandhi
Manmohan Singh: 'ആകസ്മികമായി പ്രധാനമന്ത്രിയായ നേതാവ്' എന്നാണ് ഇന്ത്യന്‍ രാഷ്ട്രീയം മന്‍മോഹന്‍ സിങ്ങിനെ വിശേഷിപ്പിച്ചിരുന്നത്. 'ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന് സ്വന്തം ചേരിയില്‍ ഉള്ളവര്‍ പോലും പരിഹസിക്കുമ്പോഴും ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു മന്‍മോഹന്റെ മറുപടി. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ അധികാരത്തിലെത്താന്‍ വേണ്ടി കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി മുന്നണി (യുപിഎ) രൂപീകരിക്കുകയായിരുന്നു. യുണൈറ്റഡ് പ്രോഗ്രസീവ് അലൈന്‍സില്‍ സിപിഎം, സിപിഐ, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി തുടങ്ങിയവരുടെ പിന്തുണയും ഉണ്ടായിരുന്നു. പക്ഷേ, സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിനു മാത്രം കൃത്യമായ ഉത്തരം ആര്‍ക്കും ഉണ്ടായിരുന്നില്ല.
യുപിഎ ചെയര്‍പേഴ്‌സണ്‍ ആയ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് എല്ലാവരും കരുതി. ഇന്ദിര ഗാന്ധിക്കു ശേഷം ഒരു വനിതാ പ്രധാനമന്ത്രിയെന്നത് കോണ്‍ഗ്രസിനും യുപിഎയ്ക്കും കൂടുതല്‍ കരുത്ത് പകരുമെന്ന് മനസിലാക്കിയ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സോണിയയുടെ ആരോഹണം തടയാന്‍ ഒരു മുഴം മുന്നേ കരുക്കള്‍ നീക്കിയിരുന്നു. സോണിയയുടെ പൗരത്വമാണ് ബിജെപി ചോദ്യം ചെയ്തത്. ഇറ്റലിക്കാരിയാണോ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതെന്ന് പ്രതിപക്ഷം പരിഹസിച്ചു. താന്‍ പ്രധാനമന്ത്രിയായാല്‍ അപകടകരമായ രീതിയില്‍ പ്രതിപക്ഷം യുപിഎ സര്‍ക്കാരിനെ കടന്നാക്രമിക്കുമെന്ന് മനസിലാക്കിയ സോണിയ മറ്റൊരു രാഷ്ട്രീയ നീക്കം നടത്തി, അതായിരുന്നു മന്‍മോഹന്‍ സിങ് !
കോണ്‍ഗ്രസിനോടു വിശ്വസ്തതയും നെഹ്‌റു കുടുംബത്തോടു കൂറും പുലര്‍ത്തുന്ന ഒരാളെ പ്രധാനമന്ത്രിയാക്കുകയായിരുന്നു സോണിയയുടെ ലക്ഷ്യം. പല പേരുകളും പരിഗണനയില്‍ വന്നു പോയെങ്കിലും ഒടുവില്‍ സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍ സിങ് മതിയെന്ന അന്തിമ തീരുമാനത്തിലേക്ക് എത്തി. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ആദ്യം താല്‍പര്യക്കുറവ് കാണിച്ച മന്‍മോഹന്‍സിങ് അങ്ങനെ ഇന്ത്യയുടെ 'ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' ആയി.
ലോക്‌സഭയില്‍ അംഗമാകാതെയാണ് മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. അസമില്‍ നിന്നുള്ള രാജ്യസഭാംഗം എന്ന നിലയിലാണ് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി കസേരയില്‍ ഇരുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ധനമന്ത്രി എന്നീ പദവികളിലെല്ലാം തിളങ്ങിയ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി സ്ഥാനത്തിനു അനുയോജ്യനാണെന്ന് സോണിയ ഗാന്ധി തീരുമാനിക്കുകയായിരുന്നു.
പ്രധാനമന്ത്രി പദവിയില്‍ എത്തിയ ശേഷം വലിയ രീതിയിലുള്ള പരിഹാസങ്ങളാണ് മന്‍മോഹന്‍ സിങ് നേരിട്ടത്. 'സോണിയ ഗാന്ധിയുടെ കൈയിലെ കളിപ്പാവ' എന്നു പോലും പ്രതിപക്ഷം പരിഹസിച്ചു. കോണ്‍ഗ്രസിനുള്ളില്‍ തന്നെ മന്‍മോഹനെ അംഗീകരിക്കാന്‍ മടിയുള്ളവര്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ പരിഹാസങ്ങള്‍ക്കും ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ മറുപടി. ' എന്റെ പ്രധാനമന്ത്രി സ്ഥാനത്തില്‍ നാണിക്കാനായി എനിക്കൊന്നും ഇല്ല,' എന്നാണ് പ്രധാനമന്ത്രി പദവി ഒഴിഞ്ഞ ശേഷം ഒരു അഭിമുഖത്തില്‍ മന്‍മോഹന്‍ സിങ് പറഞ്ഞത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് തന്നെ 'റബര്‍ സ്റ്റാംപ് പ്രധാനമന്ത്രി'യാക്കിയ മാധ്യമങ്ങളെ കുറിച്ച് മന്‍മോഹന്‍ സിങ് ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്, ' ചരിത്രം എന്നെ ഓര്‍ക്കും, മാധ്യമങ്ങളേക്കാള്‍ കൂടുതലായി'.