ദില്ലി: അരുണാചൽ പ്രദേശിലെ ബി ജെ പി എം എൽ എയായ ഗൊരുക്ക് പൊര്‍ഡുങ്നെതിരെ പീഡനാരോപണം. ഔദ്യോഗിക കൂടിക്കാഴ്ചക്കാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എൽ എൽ എ പീഡിപ്പിച്ചുവെന്നാണ് മെഡിക്കൽ ഓഫിസർ കൂടിയായ യുവതി പറയുന്നത്.
ഒക്ടോബർ 12നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഒരു ഔദ്യോഗിക കൂടികാഴ്ചക്കെന്ന പേരിൽ ഇറ്റാനഗറിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി എം എൽ എ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസിന് പരാതി നൽകിയെങ്കിലും പോലീസ് കേസ് അട്ടിമറിച്ചെന്നും യുവതി ആരോപിക്കുന്നു. അരുണാചലിൽ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഡൽഹിയിൽ വന്ന് മാധ്യമപ്രവർത്തകരോട് വന്ന് കാര്യങ്ങൾ വിശദമാക്കുന്നതെന്നും യുവതി പറഞ്ഞു.
പീഡനം നടന്നതിന്റെ പിറ്റേദിവസം തന്നെ പോലീസിൽ പരാതി നൽകിയെങ്കിലും എഫ് ഐ ആറിൽ നിസാരമായ വകുപ്പുകൾ ചുമത്തി എം എൽ എയെ പോലീസ് ജാമ്യത്തിൽ വിടുകയായിരുന്നു. സി സി ടി വി ദ്രുഷ്യങ്ങൾ അടക്കമുള്ള തെളിവുകൾ പോലീസ് നശിപ്പിച്ചുവെന്നും തന്റെ വാദം രേഖപ്പെടുത്താൻ പോലും പോലീസ് തയ്യാറായില്ലെന്നും യുവതി പറയുന്നു.
അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡുവിന്റെയും കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവിന്റെയും അടുത്തയാളാണ് എംഎൽഎ ഗോരുക് പൊര്‍ഡുങ്.