യെദ്യൂരപ്പ സർക്കാർ വീഴുമോ?; കർണാടക ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നെങ്കിലും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും അവകാശവാദം.
കര്‍ണ്ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. നാല് മാസം മാത്രം പൂര്‍ത്തിയാക്കിയ യെദ്യൂരപ്പ സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ കഴിയുമോയെന്ന് 15 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അറിയാം.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നെങ്കിലും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും അവകാശവാദം. ഉപതെരഞ്ഞെടുപ്പ് നടന്നതില്‍ പന്ത്രണ്ടെണ്ണം കോണ്‍ഗ്രസിന്റേയും മൂന്നെണ്ണം ജെഡിഎസിന്റേയും സിറ്റിങ് സീറ്റുകളാണ്.
പതിനൊന്ന് കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍. പത്ത് മണിയോടെ ഫലം വ്യക്തമാവും. 67.91 ശതമാനമായിരുന്നു പോളിംഗ്. ബിജെപി ആറ് സീറ്റെങ്കിലും നേടിയില്ലെങ്കില്‍ സര്‍ക്കാരിന് തുടരാന്‍ ജെഡിഎസിന്റെ പിന്തുണ ആവശ്യമായി വരും.
നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണ്ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പക്കുള്ളത്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
224 അംഗങ്ങളായിരുന്നു കര്‍ണ്ണാടക നിയമസഭയിലുണ്ടായിരുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി 17 എംഎല്‍എമാര്‍ രാജി വെച്ച് ബിജെപിയിലെത്തിയതോടെയാണ് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണത്.