Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mpox in India: രാജ്യത്ത് എംപോക്‌സ് സ്ഥിരീകരിച്ചു; അറിയേണ്ടതെല്ലാം

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ ക്ലേഡ് 2 വൈറസാണ് ഇയാളെ ബാധിച്ചിരിക്കുന്നത്

Mpox

രേണുക വേണു

, തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2024 (19:26 IST)
Mpox case in India: ഇന്ത്യയില്‍ എംപോക്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്ത ആളിലാണ് നേരത്തെ രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഞായറാഴ്ചയാണ് വിദഗ്ധ പരിശോധനകള്‍ക്കായി ഇയാളുടെ സാംപിളുകള്‍ ശേഖരിച്ചത്. 
 
ലബോറട്ടറി പരിശോധനകളില്‍ എംപോക്‌സ് സ്ഥിരീകരിക്കുകയും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടെത്തിയ ക്ലേഡ് 2 വൈറസാണ് ഇയാളെ ബാധിച്ചിരിക്കുന്നത്.
 
രോഗിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ഗുരുതര രോഗലക്ഷണങ്ങളൊന്നും ഇയാളില്‍ കാണിക്കുന്നില്ല. ഐസൊലേഷനില്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 2022 മുതല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 30 കേസുകള്‍ക്ക് സമാനമായ വൈറസാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നിലവിലുള്ള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായിട്ടുള്ള വൈറസല്ല ഇതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആഫ്രിക്കയില്‍ നിലവില്‍ പടരുന്നത് ക്ലേഡ് 1 എംപോക്‌സ് വൈറസാണ്. ക്ലേഡ് 2നേക്കാള്‍ അപകടകാരിയായ വൈറസാണിത്.
 
എംപോക്‌സ് രോഗത്തിനെതിരെ കഴിഞ്ഞ മാസമാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നേരത്തെ മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന രോഗം ജനിതകമാറ്റം സംഭവിച്ചാണ് കൂടുതല്‍ അപകടകാരിയായ എംപോക്സ് ആയത്. 116-ഓളം രാജ്യങ്ങളില്‍ രോഗം തീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. 
 
' എംപോക്സ് വ്യാപനത്തില്‍ ആശങ്കയുണ്ട്. ആഫ്രിക്കയ്ക്കുമപ്പുറം രോഗം തീവ്രമായി വ്യാപിക്കുന്നത് വളരെ ഭയപ്പെടുത്തുന്നതാണ്. രോഗവ്യാപനത്തെ പ്രതിരോധിക്കാനും മരണം തടയാനും അന്താരാഷ്ട്ര തലത്തിലുള്ള ഏകോപനവും പ്രവര്‍ത്തനങ്ങളും വേണം,' ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥനോ ഗബ്രിയേസുസ് പറഞ്ഞു. 
 
സെക്സ് പോലുള്ള ശാരീരിക ബന്ധപ്പെടലില്‍ നിന്നും വളരെ അടുത്ത സമ്പര്‍ക്കത്തില്‍ നിന്നും പകരുന്നതാണ് ഈ രോഗം. വളരെ അടുത്തുനിന്ന് സംസാരിക്കുക, ശ്വാസോച്ഛാസം നടത്തുക എന്നിവയിലൂടെയും രോഗം പടരാം. 100 കേസുകളില്‍ നാല് മരണം എന്നതാണ് ഈ രോഗത്തിന്റെ തീവ്രത. നേരത്തെ രോഗലക്ഷണമായി കാണിച്ചിരുന്നത് നെഞ്ചിലും കൈകാലുകളിലും പ്രത്യക്ഷപ്പെടുന്ന കുമിളകള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോഴത്തേത് നേരിയ തോതില്‍ ജനനേന്ദ്രിയ ഭാഗത്തും കുമിളകള്‍ വരുന്ന രീതിയിലാണ്. അതുകൊണ്ട് തന്നെ രോഗം തിരിച്ചറിയാന്‍ വൈകുന്നുവെന്നും വിദഗ്ധര്‍ പറയുന്നു. 
 
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മങ്കിപോക്സ് വൈറസിനു ജനിതകമാറ്റം സംഭവിച്ചത്. പുതിയ വകഭേദത്തെ 'ഇതുവരെ വന്നതില്‍ ഏറ്റവും അപകടകാരി' എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഈ വൈറസാണ് ഇപ്പോഴത്തെ എംപോക്സിനു കാരണം. ആഫ്രിക്കയില്‍ പടര്‍ന്നുപിടിക്കുന്ന എംപോക്‌സ് ക്ലേഡ് 1 അതീവ അപകടകാരിയാണ്. മധ്യ, കിഴക്കന്‍ ആഫ്രിക്കയില്‍ ആണ് നിലവില്‍ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. എച്ച് 1 എന്‍ 1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവയ്ക്കാണ് ഇതുവരെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റിലേക്ക്; വില്‍പ്പന 26 ലക്ഷത്തിലേയ്ക്ക്് കടന്നു