ട്രെയിനിൽ കയറുന്നതിനിടെ പിന്നിൽ നിന്ന് കയറിപ്പിടിച്ചു;'കൈകാര്യം' ചെയ്ത് യുവതി; അടികൊണ്ടിട്ടും നിർത്താതെ ചിരിച്ച് യുവാവ്
യുവാവിനെ കൈകാര്യം ചെയ്തശേഷം യാത്രക്കാർ റെയിൽവേ പൊലീസിന് കൈമാറി.
ട്രെയിനിൽ കയറുന്നതിനിടെ, പിന്നിൽ നിന്ന് കയറിപ്പിടിച്ച യുവാവിന്റെ മുഖത്തടിച്ച് യുവതി. അടി കൊണ്ടിട്ടും, നിർത്താതെ ചിരി തുടങ്ങിയ യുവാവിനെ കണ്ട് യുവതി യാത്രക്കാരെ വിളിച്ചുകൂട്ടി. യുവാവിനെ കൈകാര്യം ചെയ്തശേഷം യാത്രക്കാർ റെയിൽവേ പൊലീസിന് കൈമാറി.
വെള്ളിയാഴ്ച മുംബൈയിലെ പ്രഭാദേവി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. അന്ധേരിയിലെ ഓഫീസിലേക്ക് പോകാൻ സ്റ്റേഷനിൽ എത്തിയ 24കാരിക്കാണ് ദുരനുഭവം ഉണ്ടായത്. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ, പിന്നിൽ നിന്ന് ആരോ തന്നെ കയറിപ്പിടിച്ചതായി യുവതിക്ക് തോന്നി. പിന്നിലേക്ക് തിരിഞ്ഞുനോക്കിയ യുവതി 35കാരനായ പ്രതിയെ തിരിച്ചറിഞ്ഞു.
അതിനിടെ, യുവതിക്ക് നേരേ നോക്കി യുവാവ് അശ്ലീല പരാമർശങ്ങൾ നടത്തിയതായും പൊലീസ് പറയുന്നു. ഇത് കണ്ട് കുപിതയായ യുവതി ട്രെയിനിൽ നിന്ന് ഇറങ്ങി യുവാവിന്റെ മുഖത്തടിച്ചു. എന്നിട്ടും പിന്തിരിയാൻ കൂട്ടാക്കാതെ നിന്ന് യുവാവ് നിർത്താതെ ചിരി തുടങ്ങിയതായി യുവതിയുടെ പരാതിയിൽ പറയുന്നു.