ചന്ദ്രശേഖർ ആസാദ് പൊലീസ് കസ്റ്റഡിയിൽ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു
പുലര്‍ച്ചെ മൂന്നരയോടെയാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ജുമഅ മസ്ജിദില്‍ പൊലീസിനെ വിറപ്പിച്ച് പ്രക്ഷോഭം നയിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍. ആസാദിനെ വിട്ടുതരില്ലെന്നു പ്രഖ്യാപിച്ച് പ്രതിഷേധക്കാര്‍ അണിനിരന്നെങ്കിലും കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാം എന്ന ഉറപ്പിലാണ് ആസാദ് പോകാന്‍ തയ്യാറായത്. പുലര്‍ച്ചെ മൂന്നരയോടെയാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്.
നേരത്തേ കസ്റ്റഡിയിലെടുത്ത നാല്‍പ്പതോളം പേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആസാദിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം ജുമഅ പരിസരത്തു നടന്നത്. കസ്റ്റഡിയിലെടുത്ത നാല്‍പ്പതോളം പേരില്‍ എട്ടോളം പേര്‍ കുട്ടികളാണ്. മാതാപിതാക്കളെത്തിയാല്‍ മാത്രമേ ഇവരെ വിട്ടയക്കൂ എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്തവരെ കസ്റ്റഡിയിലെടുത്തതിനെതിരെ ദല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രംഗത്തെത്തിയിട്ടുണ്ട്. ഇവരെ വിട്ടയക്കണമെന്നും കസ്റ്റഡിയിലെടുത്ത മറ്റുള്ളവര്‍ക്ക് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം നല്‍കണമെന്നും മജിസ്‌ട്രേറ്റ് പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.