കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മീന്‍ വയറ്റില്‍ തറച്ച് മരിച്ചു
ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെയാണ് സംഭവം. ഒക്ടോബര്‍ 14 നാണ് അക്ഷയ് മത്സ്യബന്ധനത്തിനു പോയത്
കടലില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനു മീനിന്റെ കൂര്‍ത്ത തല വയറ്റില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് ദാരുണാന്ത്യം. മംഗളൂരു കാര്‍വാര്‍ മജാലി ദണ്ഡേബാഗ സ്വദേശി അക്ഷയ് അനില്‍ മജാലിക്കറാണ് (24) മരിച്ചത്.
ആഴക്കടല്‍ മത്സ്യബന്ധനത്തിനിടെയാണ് സംഭവം. ഒക്ടോബര്‍ 14 നാണ് അക്ഷയ് മത്സ്യബന്ധനത്തിനു പോയത്. പത്ത് ഇഞ്ചോളം നീളമുള്ള 'നീഡില്‍ഫിഷ്' കടലില്‍ നിന്ന് ബോട്ടിലേക്കു ചാടി യുവാവിന്റെ വയറ്റില്‍ തറയ്ക്കുകയായിരുന്നു. മീനിന്റെ തലഭാഗത്തെ മൂര്‍ച്ചയുള്ള കൊമ്പ് വയറ്റില്‍ തുളഞ്ഞുകയറി.
ഗുരുതര പരുക്കേറ്റ യുവാവിനെ കാര്‍വാറിലെ ക്രിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കു വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം സംഭവിച്ച ദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഡോക്ടര്‍മാര്‍ മുറിവ് തുന്നിച്ചേര്‍ത്തു. രണ്ട് ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ വീട്ടില്‍ വെച്ച് കടുത്ത വയറുവേദന അനുഭവപ്പെടുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെയാണ് മരണം.
യുവാവിന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. സിടി സ്‌കാനിങ്ങിനു വിധേയമാക്കാതെ മുറിവ് തുന്നിച്ചേര്‍ത്തു വിടുകയായിരുന്നെന്നും വയറ്റില്‍ മീനിന്റെ മുള്ള് ഉണ്ടായിരുന്നെന്നുമാണ് വീട്ടുകാരുടെ ആരോപണം.