Neeraj Chopra: രാജ്യത്തോടുള്ള എന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നതില്‍ വേദനയുണ്ട്: നീരജ് ചോപ്ര
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ കായികതാരമായ നീരജ് ചോപ്ര.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ കായികതാരമായ നീരജ് ചോപ്ര. പാകിസ്ഥാന്‍ ജാവലിന്‍ ത്രോ താരം അര്‍ഷാദ് നദീമിനെ ബെംഗളുരുവില്‍ നടക്കാനിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക് ഇവന്റിലേക്ക് താരം ക്ഷണിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണം നടന്നതോടെ ഈ സംഭവം വിവാദമാവുകയും നീരജ് ചോപ്രക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതോടെ ഈ സംഭവവികാസങ്ങളില്‍ വൈകാരികമായാണ് നീരജ് പ്രതികരിച്ചത്.
26 പേരുടെ മരണത്തിന് ഇടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് മുന്‍പായാണ് താന്‍ അര്‍ഷദ് നദീമിനെ ക്ഷണിച്ചുകൊണ്ട് കത്തയച്ചതെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ലെന്നും നീരജ് വ്യക്തമാക്കി. ഓണ്‍ലൈനില്‍ തനിക്കും കുടുംബത്തിനെതിരെയും നടക്കുന്ന വെറുപ്പും അധിക്ഷേപകരമായ കമന്റുകളും വേദനിപ്പിക്കുന്നു. ഒരു കായികതാരത്തില്‍ നിന്നും മറ്റൊരു കായികതാരത്തിനുള്ള സൗഹൃദപരമായ ക്ഷണം മാത്രമായിരുന്നു അത്. ലോകോത്തര അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് ഇന്ത്യയെ വേദിയാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും നീരജ് പറയുന്നു. രാജ്യത്തിനായാണ് ഇതുവരെയും താന്‍ പ്രവര്‍ത്തിച്ചതെന്നും എന്നിട്ടും രാജ്യത്തിനോടുള്ള സ്‌നേഹവും ആത്മാര്‍ഥതയും ചോദ്യം ചെയ്യപ്പെടുമ്പോള്‍ വേദനയുണ്ടെന്നും താരം പറഞ്ഞു.