ലണ്ടൻ: പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്നും കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിക്കെതിരെ ഇന്റർ പോൾ റെഡ് കോർണ നോട്ടീസ് പുറത്തിറക്കി. കേസ് അന്വേഷിക്കുന്ന സി ബി ഐയുടെ ആവശ്യ പ്രകാരമാണ് നീരവ് മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.
റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചതോടെ ഇന്റർപോളിന്റെ അംഗരാജ്യങ്ങളിൽ എവിടെയെങ്കിലും നീരവ് മോദി ഉണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ സാധിക്കും. നീരവ് മോദി വിശദാംശങ്ങൾ രാജ്യങ്ങൾ പങ്കുവെക്കുകയും ചെയ്യും. ഇതു വഴി നീരവ് മോദിയെ രാജ്യത്ത് തിരിച്ചെത്തിക്കാനാകും എന്നാണ് സി ബി ഐ കരുതുന്നത്.
കോടികൾ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വിജയ് മല്യയേയും തിരിച്ചെത്തിക്കാൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന മുംബൈയിലെ പ്രത്യേക കോടതി സുപ്രധാനമായ ഇടപെടൽ നടത്തിയിരുന്നു. മല്യക്കെതിരെ സമൻസ് അയക്കുകയും ഹാജരാകാത്ത പക്ഷം 12500 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.