രാജ്യം ഏറെ കാത്തിരുന്ന വിധി ഒടുവിൽ നടപ്പിലായിരിക്കുന്നു. നിർഭയ കേസിൽ നാലു പ്രതികളെയും ഇന്ന് പുലർച്ചെ 5.30ന് തന്നെ തൂക്കിലേറ്റി. തൂക്കിലേറ്റുന്നതിന് തൊട്ടുമുൻപുള്ള സമയങ്ങളിൽ പ്രത്യേക സെല്ലുകളായിരുന്നു പ്രതികളെ പാർപ്പിച്ചിരുന്നത്. ഭക്ഷണം കഴിക്കാൻ പോലും പ്രതികൾ താൽപര്യം പ്രകടിപ്പിച്ചില്ല എന്നാണ് ജയിലിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.
തൂക്കിലേറ്റുന്നതിന് മുൻപ് അവസാന ആഗ്രവും പ്രതികൾ വെളിപ്പെടുത്തിയില്ല. പുലർച്ചെ മൂന്ന് മണിയോടെ സുപ്രീം കോടതിയിൽനിന്നുമുള്ള അവസാന വിധിയും പുറത്തുവന്നതിന് പിന്നാലെ 3.30ന് തന്നെ വധശിക്ഷക്കുള്ള നടപടികൾ ആരംഭിച്ചു. 3.30ന് നാല് പ്രതികളെയും ഉണർത്തി. പിന്നീട് വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള വൈദ്യ പരിശോധനകളും മറ്റു നടപടി ക്രമങ്ങളും ആരംഭിച്ചു.
മരണ വാറണ്ട് പ്രതികളെ വായിച്ച് കേൾപ്പിച്ച ശേഷം 5.30ന് തന്നെ വധശിക്ഷ നടപ്പിലാക്കി. 6 മണി വരെ മൃതദേഹങ്ങൾ തൂക്കുകയറിൽ തന്നെയായിരുന്നു. പിന്നീട് ജെയിലിനുള്ളിൽ വച്ച് പ്രതികളുടെ മരണം ഡോക്ടർ ഉറപ്പുവരുത്തി. മൃതദേഹങ്ങൾ ഡിഡിയു ആശുപത്രിയിൽ പോസ്റ്റ് മൊർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും വീഡിയോ ചിത്രീകരിക്കും.