എൻടിപിസി താപനിലയത്തിലുണ്ടായ സ്ഫോടനത്തില്‍ 26 പേര് മരിച്ചു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്
റായ്ബറേലി എൻടിപിസി സ്ഫോടനം: മരണ സംഖ്യ 26 ആയി
ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് ഉച്ചഹാറില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ 26 പേര് മരിച്ചതായി ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ. സംഭവത്തിൽ നൂറിലേറെ പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് പ്ലാന്റിലെ 500 മെഗാ വാട്ടിന്റെ ആറാമത്തെ യൂണിറ്റിലാണ് അപകടം നടന്നത്.
പരിക്കേറ്റവരെ എൻടിപിസിയിൽ തന്നെയുള്ള ആശുപത്രിയിലും ഗുരുതര പരുക്കേറ്റവരെ ലക്നൗവിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബോയിലർ പ്ലാന്റിന്റെ ആവി പുറത്തേക്കുവിടുന്ന പൈപ്പ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് ഏതാണ്ട് 150ലധികം തൊഴിലാളികൾ പ്ലാന്റിനുള്ളിൽ ഉണ്ടായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരുക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000രൂപയും പരിക്കേറ്റവർക്ക് 25,000 രൂപയും അടിയന്തരസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. നിലവിൽ മൗറീഷ്യസ് സന്ദർശനത്തിലുള്ള മുഖ്യമന്ത്രി, അടിയന്തരനടപടികൾ സ്വീകരിക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. 1988ലാണ് പ്ലാന്റിൽ വൈദ്യുതി നിർമാണം തുടങ്ങിയത്.