Pahalgam Terror Attack: കശ്മീര്‍ ഭീകരാക്രമണം: മരണം 28 ആയി, രാജ്യത്ത് അതീവ ജാഗ്രത
ആറ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി
Publish Date: Wed, 23 Apr 2025 (06:38 IST)
Updated Date: Wed, 23 Apr 2025 (06:42 IST)
Pahalgam Terror Attack: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണസംഖ്യ 28 ആയി. 27 പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ പത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
ആറ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. നാല് ഭീകരരാണ് നിറയൊഴിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്‍ഐഎ സംഘം അന്വേഷണം ആരംഭിച്ചു. ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ രാജ്യത്ത് അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരില്‍ തുടരുകയാണ്.
സൗദി അറേബ്യയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇന്ത്യയിലേക്കു തിരിച്ചു. പ്രധാനമന്ത്രി എത്തിയ ശേഷം മന്ത്രിസഭായോഗം വിളിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറെ തെയ്ബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉണ്ട്. ഇടപ്പള്ളി സ്വദേശി എന്‍.രാമചന്ദ്രനാണ് മരിച്ചത്. ഇദ്ദേഹത്തെക്കൂടാതെ രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ആക്രമണത്തിനിരയായത്. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.