നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ഏഷ്യ സമ്മേളനത്തിൽ പങ്കെടുത്ത മലയാളി ഡൽഹിയിൽ മരിച്ചു. പത്തനംതിട്ട സ്വദേശിയായ ഡോ എം സലിം ആണ് മരിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു മരണം ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. എന്നാൽ കോവിഡ് ബാധ ഉണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിപാടിയിൽ പങ്കെടുത്ത രണ്ടു പത്തനംതിട്ട സ്വദേശികൾ ഡൽഹിയിൽ നിരീക്ഷണത്തിലാണ്.
ഈ മാസം 18ന് ആണ് നിസാമുദ്ദീൻ ദർഗയ്ക്കു സമീപത്തെ മസ്ജിദിൽ തബ്‌ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം നടന്നത്. സമ്മേളനത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരെ കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടായിരത്തോളം പേർ ഹോം ക്വാറന്റീനിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും, മലേഷ്യ, ഇന്തൊനീഷ്യ, തായ്‌ലൻഡ് സൗദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ സമ്മേളനത്തിനത്തിൽ പങ്കെടുത്തിരുന്നു.
സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ 2 പേർ കോവിഡ് ബാധിയെ തുടർന്ന് മരിക്കുകയും ചെയ്തു. കോവിഡ് ബാധിച്ച് ശ്രീനഗറിൽ മരിച്ച 65കാരനും, തമിഴിനാട്ടിലെ മധുരയിൽ മരിച്ച 54 കാരനും സമ്മേളനത്തിൽ പങ്കെടുത്തവരാണ്. സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾ ഉൾപ്പെടെ ഇരുപതിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പ്രദേശത്തു ലോക്ഡൗൺ കർശനമാക്കി.
ആളുകൾ തിങ്ങിപ്പാർക്കുന്ന നിസാമുദ്ദീൻ മേഖലയിൽ രോഗം സ്ഥിരീകരിച്ചത് സമൂഹ വ്യാപനത്തെ സംബന്ധിച്ച് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. തമിഴ്നാട്ടിലെ ഈറോഡിൽ നിന്നും സമ്മേളനത്തിൽ പങ്കെടുത്തവരുടെയും ബന്ധുക്കളുടെയും വീടുകൾ ഇന്നലെ വൈകിട്ടോടെ ജില്ല ഭരണകൂടം അടച്ചു. പൊള്ളാച്ചിയിലെ ആനമലയിൽനിന്നും സമ്മേളനത്തിൽ പങ്കെടുത്ത 7 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.