അന്താരാഷ്ട്ര യോഗാ ദിനം; പ്രധാനമന്ത്രി നരേന്ദ്രമോദി റാഞ്ചിയില്‍ യോഗാസനത്തില്‍
0,000 പേര്‍ പങ്കെടുക്കുന്ന യോഗാസന പരിപാടിയില്‍ പങ്കെടുക്കാനാണ് മോദി എത്തിയത്.
അഞ്ചാം യോഗാദിനാചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ യോഗാസനം തുടങ്ങി. 30,000 പേര്‍ പങ്കെടുക്കുന്ന യോഗാസന പരിപാടിയില്‍ പങ്കെടുക്കാനാണ് മോദി എത്തിയത്. രാജ്യത്തെമ്പാടും കേന്ദ്ര സര്‍ക്കാരും ബിജെപിയും ഇതര സംഘപരിവാര്‍ സംഘടനകളും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട് ഇന്ന്. കേന്ദ്രമന്ത്രിമാര്‍ വിവിധയിടങ്ങളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നുമുണ്ട്. ‘ആധുനിക യോഗ’ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവിക്കുകയുണ്ടായി. ദരിദ്രരുടെയും ആദിവാസികളുടെയും ജീവിതത്തിലെ അവിഭാജ്യ ഘടകമാക്കി യോഗയെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തെ പ്രമുഖ മാധ്യമങ്ങളില്‍ ഭൂരിഭാഗവും മോദിയുടെയും മറ്റ് മന്ത്രിമാരുടെയും യോഗാദിന പരിപാടികള്‍ ലൈവായി നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.വന്‍ സന്നാഹങ്ങളാണ് പ്രധാനമന്ത്രിയുടെ പരിപാടിക്കായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. 400 താല്‍ക്കാലിക കക്കൂസുകളും 200 കുടിവെള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 100 സിസിടിവി ക്യാമറകള്‍ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. 28 വലിയ സ്ക്രീനുകളിലൂടെ ഈ പരിപാടി ലൈവായി കാണിക്കുന്നുമുണ്ട് മൈതാനത്തില്‍.
ഡല്‍ഹിയില്‍ യോഗാദിന പരിപാടിയില്‍ പങ്കെടുക്കുന്നത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവരാണ്. രാജ്യതലസ്ഥാനത്തു മാത്രം മുന്നൂറോളം യോഗാ സെഷനുകളാണ് ബിജെപി സംഘടിപ്പിച്ചിരിക്കുന്നത്.2015 മുതലാണ് അന്താരാഷ്ട്ര യോഗാദിനം സംഘടിപ്പിച്ചു തുടങ്ങിയത്. ‘യോഗ ഹൃദയത്തിന്’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.