കരൂരിലേക്ക് പോകണമെന്ന വിജയ്‌യുടെ ആവശ്യം നിരസിച്ച് പോലീസ്; വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് വ്യാപക പോസ്റ്ററുകള്‍
						
		
						
				
പോലീസ് അനുമതി നിഷേധിച്ചതില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ടിവികെ.
			
		          
	  
	
		
										
								
																	
	ദുരന്തം നടന്ന കരൂരിലേക്ക് പോകണമെന്ന വിജയ്‌യുടെ ആവശ്യം നിരസിച്ച് പോലീസ്. വിജയിയെ അറസ്റ്റ് ചെയ്യണമെന്ന് വ്യാപക പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പോലീസ് അനുമതി നിഷേധിച്ചതില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ടിവികെ. കഴിഞ്ഞദിവസം രാത്രി വിജയ് പോലീസുമായി സംസാരിച്ചതായി ടിവികെ അറിയിച്ചു.
 
									
			
			 
 			
 
 			
					
			        							
								
																	
	 
	പോലീസ് സുരക്ഷ ഒരുക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ കരൂരില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആള്‍ക്കൂട്ടദുരന്തം ഉണ്ടാക്കി ഒളിച്ചോടിയ രാഷ്ട്രീയ നേതാവാണ് വിജയ് എന്നും കൊലപാതകിയായ വിജയിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തുടങ്ങിയ പോസ്റ്ററുകളാണ് കരൂരില്‍ ഉയര്‍ന്നത്. തമിഴ് സ്റ്റുഡന്റ് യൂണിയന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
 
									
										
								
																	
	 
	അതേസമയം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് വിജയ് പ്രഖ്യാപിച്ചു. വിജയ് എക്‌സില്‍ പങ്കുവെച്ച കുറുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരൂര്‍ റാലി ദുരന്തത്തില്‍ മരണം 41 ആയി. 50 പേര്‍ ചികിത്സയില്‍ തുടരുകയാണ്. തമിഴ് വെട്രികഴകം പ്രസിഡന്റ് വിജയ് നടത്തിയ റാലിയില്‍ തിരക്കിലും തിരക്കിലും പെട്ടാണ് ഇത്രയധികം പേര്‍ മരണപ്പെട്ടത്. 55 പേര്‍ ആശുപത്രി വിട്ടതായും വിവരമുണ്ട്. ചികിത്സയിലുള്ളവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
 
									
											
							                     
							
							
			        							
								
																	
	 
	മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പരിക്കേറ്റവരെ സന്ദര്‍ശിക്കും. ദുരന്തത്തിന്റെ അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്ന ടിവികെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാനുള്ള നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്.