ഇന്ത്യന്‍ ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ ജഗ്ദീപ് ധന്‍കര്‍ തിങ്കളാഴ്ച വൈകുന്നേരം തന്റെ സ്ഥാനം രാജിവെച്ചത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിതമായ സംഭവമായിരുന്നു. 2022 ഓഗസ്റ്റ് ആറിന് ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ധന്‍കറിന് 2 വര്‍ഷം കാലാവധി ബാക്കിനില്‍ക്കെയായിരുന്നു രാജി. ഇതോടെ ആരായിരിക്കും പുതിയ ഉപരാഷ്ട്രപതി എന്ന ചര്‍ച്ച സജീവമായിരിക്കുകയാണ്. ഉപരാഷ്ട്രപതി രാജി വെച്ചതോടെ രാജ്യസഭയുടെ അധ്യക്ഷന്റെ ചുമതല താല്‍ക്കാലികമായി രാജ്യസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഹരിവംശ് നാരായണ്‍ സിംഗ് ഏറ്റെടുക്കും.
ഭരണഘടനാ പ്രകാരം ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ എക്‌സ് ഓഫീഷ്യല്‍ ചെയര്‍മാന്‍ അതിനാല്‍ ഉപരാഷ്ട്രപതിയുടെ അഭാവത്തില്‍ രാജ്യസഭയുടെ അധ്യക്ഷന്‍ എന്ന നിലയിലുള്ള ചുമതലകള്‍ ഇനി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണാകും നിര്‍വഹിക്കുക. പുതിയ ഉപരാഷ്ട്രപതിയെ തിരെഞ്ഞെടുക്കും വരെ ഹരിവംശ് നാരായണ്‍ സിംഗ് ഈ ചുമതലയില്‍ തുടരും.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള സമയക്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തന്നെ നിശ്ചയിക്കും. ശേഷമാകും എന്‍ഡിഎ സഖ്യവും ഇന്ത്യാസഖ്യവും അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. ഉപരാഷ്ട്രപതിയുടെ സ്ഥാനം ഒഴിവന്നാല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനാപരമായ നിബന്ധന. അതിനാല്‍ 2025 സെപ്റ്റംബര്‍ 19 ന് മുന്‍പായി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. പാര്‍ലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇലക്ടറല്‍ കോളേജ് ആണ് ഉപരാഷ്ട്രപതിയെ തിരെഞ്ഞെടുക്കുക.
അതേസമയം അടുത്ത ഉപരാഷ്ട്രപതിയെ തിരെഞ്ഞെടുക്കാന്‍ എന്‍ഡിഎയില്‍ ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. മുന്‍ കേരള ഗവര്‍ണറായ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍ ഗോവ ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസ് എം പിയായ ശശിതരൂരിന്റെ പേരും ഇതിനായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസുമായി ഭിന്നതയിലുള്ള ശശി തരൂരിന്റെ പേര് ബിജെപി ക്യാമ്പില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നത് പല രാഷ്ട്രീയമായ ഊഹാപോഹങ്ങള്‍ക്കും ഇടനല്‍കുന്നുണ്ട്. സ്വാഭാവികമായും ജഗ്ദീപ് ധന്‍കറിന്റെ രാജിക്ക് പിന്നില്‍ ബിജെപിയുടെ പ്ലാനാണെന്ന് പ്രതിപക്ഷം സംശയിക്കുന്നുണ്ട്.