ഭാര്യ അശ്ലീല വീഡിയോകള്‍ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനം നിഷേധിച്ച കീഴ്‌ക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഭാര്യയുടെ ക്രൂരതകള്‍ കാരണം തനിക്ക് വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഭാര്യ പണം ധൂര്‍ത്തടിക്കുന്നുവെന്നും അശ്ലീലചിത്രങ്ങള്‍ക്ക് അടിമയാണെന്നും സ്വയംഭോഗം ചെയ്യുന്നു എന്നെല്ലാമാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. ഭാര്യ വീട്ടുജലികള്‍ ചെയ്യുന്നില്ല, മാതാപിതാക്കളോട് മോശമായി പെരുമാറുന്നുവെന്നും ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹര്‍ജിയിലെ ആരോപണങ്ങള്‍ ഭാര്യയുടെ ക്രൂരതയായി കണക്കാക്കാനാവില്ലെന്നും കോടതി വിലയിരുത്തി.
സ്ത്രീകള്‍ക്കും സ്വയംഭോഗം ചെയ്യാനുള്ള അവകാശമുണ്ട്. വിവാഹം കഴിഞ്ഞെന്ന് കരുതി അവരുടെ ലൈംഗിക സ്വാതന്ത്ര്യം അടിയറവ് വെയ്ക്കാനാവില്ല. സ്വയം ആനന്ദം കണ്ടെത്തുന്നത് വിലക്കപ്പെട്ട കനിയല്ലെന്നും കോടതി പറഞ്ഞു. അശ്ലീല വീഡിയോകളോടുള്ള ആസക്തി മോശമായ കാര്യമാണെന്നും ധാര്‍മികമായി ന്യായീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞെങ്കിലും ഇത് വിവാഹമോചനത്തിനുള്ള നിയമപരമായ കാരണമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.