ജാർഖണ്ഡ്: ജീൻസ് ധരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പതിനെട്ടുകാരനായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തിയതായി പരാതി. ഭർത്താവിൻ്റെ വീട്ടുകാരാണ് പെൺകുട്ടിക്കെതിരെ പരാതി നൽകിയത്. പതിനേഴുകാരിയായ ഭാര്യ പുഷ്പ ഹെംബ്രാമിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം യുവതിയുമായുണ്ടായ തർക്കത്തെ തുടർന്ന് പരിക്കേറ്റ് നാല് ദിവസങ്ങൾക്ക് ശേഷമാണ് യുവാവ് മരിച്ചതെന്ന് പോലീസ് പറയുന്നു. നാലുമാസം മുൻപാണ് ഒരുവരുടെയും വിവാഹം കഴിഞ്ഞത്. പെൺകുട്ടിക്ക് ജീൻസ് ധരിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. എന്നാൽ, ഭർത്താവിന് അവൾ ജീൻസ് ധരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. ഇതിൻ്റെ പേരിൽ ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നു.
ജൂലൈ 12ന് ഒരു മേളയിൽ പങ്കെടുത്ത് തിരികെയെത്തിയതായിരുന്നു പുഷ്പ. ജീൻസ് ആയിരുന്നു അവൾ ധരിച്ചത് ഇത് കണ്ട് ദേഷ്യപ്പെട്ട ഭർത്താവ് ആാന്ദോളൻ ടുഡു വിവാഹിതരായ സ്ത്രീകൾ ഇത്തരം വസ്ത്രങ്ങൾ ധരിക്കരുതെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. തർക്കം രൂക്ഷമായപ്പോൾ ഇയാൾ വീട് വിട്ടിറങ്ങി.റിപ്പോർട്ടുകളനുസരിച്ച് അയാൾ കുറ്റിക്കാട്ടിലും മുളങ്കാട്ടിലും വീണ് പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ആരോഗ്യനില വഷളാവുകയായിരുന്നു.
ജൂലൈ 16ന് ഇയാൾ മരണപ്പെട്ടു. ടുഡുവിനെ പുഷ്പ മുറിവേൽപ്പിച്ചതായി ഭർത്താവിൻ്റെ വീട്ടുകാർ പറയുന്നുണ്ടെങ്കിലും അതിന് തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമെ ഇതിൽ വ്യക്തത വരികയുള്ളി എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.