റെയിൽവെ ജീവനക്കാരെ വീട്ടുജോലിക്കാരാക്കരുത്; ഉദ്യോഗസ്ഥരുടെ വിഐപി സംസ്കാരത്തിന് ചുവപ്പുകൊടിയുമായി റെയിൽവെ മന്ത്രാലയം
റെയിൽവെ ഉദ്യോഗസ്ഥരുടെ വിഐപി സംസ്കാരത്തിന് ചുവപ്പുകൊടിയുമായി ഗോയൽ
റെയിൽവെ ജീവനക്കാരെ വീട്ടുജോലിക്കാരാക്കുന്ന ഉദ്യോഗസ്ഥരുടെ പതിവ് രീതിക്ക് ചുവപ്പുകൊടിയുമായി റെയിൽവെ മന്ത്രാലയം. ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ ജോലിചെയ്യുന്ന എല്ലാ ജീവനക്കാരും ഉടൻ തന്നെ തിരികെ എത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു. 1981ലെ റെയിൽവേ ബോർഡ് പ്രോട്ടോക്കോളിലെ നിർദേശമാണ് ഇപ്പോള്‍ അസാധുവാക്കിയത്.
ഇത്തരത്തില്‍ മുപ്പതിനായിരത്തിലേറെ ജീവനക്കാർ ജോലിചെയ്യുന്നുണ്ടെന്നാണ് റെയിൽവേയുടെ ഏകദേശ കണക്ക്. റെയിൽവേ ബോർഡ് ചെയർമാനും ബോർഡ് അംഗങ്ങളും വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും എത്തുന്ന വേളയില്‍ അവരെ സ്വീകരിക്കാനായി അതാത് സോണുകളിലുള്ള ജനറൽ മാനേജർമാർ എത്തണമെന്ന നിർദേശവും മന്ത്രാലയം റദ്ദാക്കി.
ഇതിനു പുറമെ, അത്യാഢംബര കോച്ചുകളിൽ യാത്ര ചെയ്യുന്ന ഉയർന്ന ഉദ്യോഗസ്ഥരുടെ പതിവ് രീതിയും ഇനിമുതല്‍ റെയിൽവേ പ്രോത്സാഹിപ്പിക്കില്ലെന്ന് മന്ത്രി പിയുഷ് ഗോയൽ വ്യക്തമാക്കുകയും ചെയ്തു. എക്സിക്യൂട്ടിവ് ക്ലാസ് ഒഴിവാക്കി എല്ലാവരും സ്‌ലീപ്പർ, എസി ത്രീ ടയർ എന്നീ ക്ലാസുകളിൽ യാത്ര ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശം നല്‍കി.