കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ അന്തരിച്ചു. ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവായ പസ്വാന്‍ ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. കേന്ദ്രമന്ത്രിസഭയില്‍ ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു രാംവിലാസ് പസ്വാൻ വഹിച്ചിരുന്നത്.
രാജ്യത്തെ പ്രമുഖ ദളിത് നേതാക്കളിൽ ഒരാളായ പസ്വാൻ ആറു പ്രധാനമന്ത്രിമാരുടെ മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നിട്ടുണ്ട്. അഞ്ചു പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തിലുള്ള ദളിത് രാഷ്ട്രീയത്തിന്‍റെ മുഖമായ നേതാവിനെയാണ് രാംവിലാസ് പസ്വാന്‍റെ നിര്യാണത്തോടെ രാജ്യത്തിന് നഷ്‌ടമാകുന്നത്.
സംസ്ഥാന രാഷ്ട്രീയത്തിലോ ദേശീയ രാഷ്ട്രീയത്തിലോ നിര്‍ണായകശക്‍തിയാകാന്‍ കഴിയാതിരുന്ന കാലഘട്ടത്തില്‍ പോലും രാഷ്ട്രീയമായി അതിജീവിക്കാന്‍ രാംവിലാസ് പസ്വാന്‍റെ കക്ഷിക്ക് കഴിഞ്ഞു. അത് അദ്ദേഹത്തിന്‍റെ നേതൃപാടവത്തിന്‍റെയും രാഷ്‌ട്രീയ കൌശലത്തിന്‍റെയും മികവായിരുന്നു.
പക്ഷേ ആദ്യകാലത്തെ പ്രഭാവം കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി നിലനിര്‍ത്താന്‍ പസ്വാന് കഴിഞ്ഞില്ല. സാമുദായികമായ അടിത്തറയില്ലാത്തത് അതിനൊരു കാരണമായി.
2000ല്‍ ലാലു പ്രസാദ് യാദവുമായുള്ള രാഷ്ട്രീയബന്ധം വിശ്ചേദിച്ച് ലോക് ജനശക്തി പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അദ്ദേഹവുമായി അടുത്തുനിന്നവര്‍ പോലും ആ പാര്‍ട്ടിയുടെ അതിജീവനത്തെ സംശയിച്ചിരുന്നു. എന്നാല്‍ മികച്ച രാഷ്ട്രീയ തന്ത്രജ്ഞനായ പസ്വാന്‍ തന്‍റെ പാര്‍ട്ടിയെ യു പി എ സര്‍ക്കാരിന്‍റെയും മോദി സര്‍ക്കാരിന്‍റെയും ഭാഗമാക്കി രാഷ്ട്രീയമായി നിലനിര്‍ത്തി.