എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം
സുരക്ഷാ ആപ്പ് സഞ്ചാര്‍ സാത്തി മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എല്ലാ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളോടും ഉത്തരവിട്ടിട്ടുണ്ട്.
ടെലികോം വകുപ്പ് വികസിപ്പിച്ചെടുത്ത സൈബര്‍ സുരക്ഷാ ആപ്പ് സഞ്ചാര്‍ സാത്തി മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എല്ലാ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളോടും ഉത്തരവിട്ടിട്ടുണ്ട്. ഈ നിര്‍ദ്ദേശം 90 ദിവസത്തിനുള്ളില്‍ നടപ്പിലാക്കുകയും 120 ദിവസത്തിനുള്ളില്‍ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. വ്യാജ ഹാന്‍ഡ്സെറ്റുകള്‍, ഒന്നിലധികം ഫോണുകളില്‍ ഒരേ IMEI നമ്പര്‍ ഉപയോഗിക്കുന്നത്, വ്യാജ സിം കാര്‍ഡുകള്‍, വ്യാജ കണക്ഷനുകള്‍ എന്നിവ പോലുള്ള തട്ടിപ്പുകള്‍ തടയുന്നതിനും നഷ്ടപ്പെട്ട ഫോണുകള്‍ ട്രാക്ക് ചെയ്യുന്നതിനും വേണ്ടിയാണ് ഈ ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നിര്‍മ്മാണ സമയത്ത് ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് ആദ്യ ഉപകരണ സജ്ജീകരണ സമയത്ത് വ്യക്തമായി ദൃശ്യമാകണം. ഇത് ഉപയോക്തൃ സൗഹൃദമായിരിക്കണം. നിലവില്‍ വില്‍പ്പനയിലുള്ള മോഡലുകളിലെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ വഴി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ഇന്ത്യയില്‍ ആദ്യമായി പ്രീ-ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് നിര്‍ബന്ധമാക്കിയതിനെതിരെ ചില കോണുകളില്‍ നിന്ന് വിമര്‍ശനവും ഉയരുന്നുണ്ട്. സഞ്ചാര്‍ സാത്തി വഴി സര്‍ക്കാരിന് ഉപഭോക്താവിന്റെ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ കഴിയുമെന്നതാണ് പ്രധാന ആരോപണം. സിം കാര്‍ഡുള്ള ഫോണുകളില്‍ മാത്രമേ വാട്ട്സ്ആപ്പ് ഉപയോഗിക്കാന്‍ അനുവാദമുള്ള സിം ബൈന്‍ഡിംഗ് ഉടന്‍ നടപ്പിലാക്കും.
ഒരു ഫോണില്‍ സിം കാര്‍ഡും മറ്റൊരു ഫോണില്‍ വാട്ട്സ്ആപ്പും ഉപയോഗിക്കുന്ന രീതി ഇതോടെ അവസാനിപ്പിക്കും. സൈബര്‍ സുരക്ഷയുടെ ഭാഗമായി വാട്ട്സ്ആപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്നാപ്ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള മെസേജിംഗ് ആപ്പുകളോട് മൂന്ന് മാസത്തിനുള്ളില്‍ ഇത് നടപ്പിലാക്കാന്‍ ടെലികോം വകുപ്പ് നിര്‍ദ്ദേശിച്ചു. ഓരോ വാട്ട്സ്ആപ്പ് അക്കൗണ്ടും സജീവമായ ഒരു സിം കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കണം. വാട്ട്സ്ആപ്പ് വെബ് ഉപയോക്താക്കള്‍ ഓരോ ആറ് മണിക്കൂറിലും ലോഗിന്‍ ചെയ്യേണ്ടിവരും.