പുതിയ ഫോണുകളില്‍ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി നിര്‍ബന്ധമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി മാത്രമാണ് പുതിയ നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു.
മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ താത്പര്യമില്ലെങ്കില്‍ അത് ഒഴിവാക്കാന്‍ ഓപ്ഷനുണ്ടായിരിക്കും. ഉപഭോക്തൃ സംരക്ഷണത്തിന്റെ ഭാഗമാണ് ആപ്പ്, നിര്‍ബന്ധമല്ല. നിങ്ങള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് ചെയ്യരുത്. ഡിലീറ്റ് ചെയ്യണമെന്നാണെങ്കില്‍ അങ്ങനെ ചെയ്യുക. മന്ത്രി പറഞ്ഞു.
നേരത്തെ പുതിയ ഫോണുകളില്‍ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. പൗരന്മാരുടെ സ്വകാര്യതയ്ക്ക് മുകളിലുള്ള കടന്നുകയറ്റമാണെന്നും രാജ്യത്തെ ജനങ്ങളെ നിരീക്ഷണത്തിലാക്കാനാണ് പുതിയ നിയമമെന്നും കോണ്‍ഗ്രസും സിപിഎമ്മും ആരോപിച്ചിരുന്നു.