എഡിഎംകെ നേതാവും ജയലളിതയുടെ ഉറ്റതോഴിയുമായിരുന്ന ശശികല വരുന്ന ഓഗസ്റ്റിൽ ജയിൽമോചിതയായേക്കുമെന്ന് റിപ്പോർട്ടുകൾ.നിലവിൽ അനധികൃത സ്വത്ത് സമ്പാദന കേസിൽ പെട്ട് കർണാടകയിലെ പരപ്പന അഗ്രഹാരയിലെ ജയിലിൽ കഴിയുകയാണ് ശശികല.
ഡോക്‌ടർ അശീർവാദം ആചാരിയെന്ന ബിജെപി നേതാവാണ് ട്വിറ്ററിൽ ഇപ്പോൾ ശശികലയുടെ മോചനത്തെ പറ്റിയുള്ള സൂചനകൾ നൽകിയിരിക്കുന്നത്. 2017 ഫെബ്രുവരിയിലാണ് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ശശികല ജയിലിലാവുന്നത്. 4 വർഷം തടവനുഭവിക്കുന്ന ശശികല ജയിൽ മോചിതയാകുന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക തീരുമാനങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. പരോളല്ലാതെ മറ്റൊരു തരത്തിലും ഈ കാലയളവിൽ ശശികല പുറത്ത് പോയിട്ടില്ല എന്നത് ജയിൽ മോചിതയാകുമെന്നുള്ള വാർത്തകളെ സാധൂകരിക്കുന്നു.
അതേസമയം 2021ൽ തമിഴ്‌നാട്ടിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ശശികലയുടെ ജയിൽ മോചനം വലിയ രാഷ്ട്രീയമാറ്റങ്ങൾക്ക് കാരണമായേക്കുമെന്നാണ് സൂചന.നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയളളിതയുടെ മരണശേഷം ശശികലയെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ പാർട്ടിയിലെ ഓ പനീർസെൽവം എതിർപ്പ് പ്രകടിപ്പിചതോടെ ഇതിന് സാധിക്കാതെ വന്നു.എന്നാൽ ജയിലിലാകും മുൻപ് എടപ്പാടി പഴനിസ്വാമിയെ മുഖ്യമന്ത്രിയാക്കി ശശികല ഭരണം പിടിച്ചെടുത്തു. പക്ഷേ ജയിലിലായതോടെ എടപ്പാടി പനീർസെൽവത്തെ പാർട്ടിയിൽ തിരിച്ചെടുക്കുകയും ചെയ്‌തു. ഈ സാഹചര്യത്തിൽ ശശികലയുടെ ജയിൽമോചനം തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ കരുതുന്നത്.