മുന്‍ ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമക്കേസില്‍ മൊഴികൊടുക്കാന്‍ പോകുന്ന ഗുസ്തി താരങ്ങളുടെ സുരക്ഷ ഡല്‍ഹി പോലീസ് പിന്‍വലിച്ചെന്ന ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. നേരത്തെ സാക്ഷി മാലിക്കും സമാനമായ ആരോപണം ഉയര്‍ത്തിയിരുന്നു. സാമൂഹിക മാധ്യമമായ എക്‌സില്‍ ഡല്‍ഹി പോലീസിനെയും ഡല്‍ഹി വനിതാ കമ്മീഷനെയും ദേശീയ വനിതാ കമ്മീഷനെയും ടാഗ് ചെയ്താണ് വിനേഷ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇക്കാര്യം ഡല്‍ഹി പോലീസ് നിഷേധിച്ചു.
കേസിലെ പ്രധാന സാക്ഷികളായ വനിതാ ഗുസ്തിതാരങ്ങളുടെ സുരക്ഷയെ പറ്റി ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് വിനേഷ് പോസ്റ്റ് ചെയ്തത്. ഗുസ്തി ഫെഡറേഷനെതിരായ പോരാട്ടം തുടരുമെന്നും സത്യം വിജയിക്കുമെന്നും വിനേഷ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമം ആരോപിച്ച് ഗുസ്തി താരങ്ങള്‍ പ്രതിഷേധവുമായി എത്തിയത്. വിനേഷ് ഫോഗട്ട്,സാക്ഷി മാലിക്,ബജ്‌റംഗ് പുനിയ എന്നിവര്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ബ്രിജ് ഭൂഷണ്‍ രാജിവെയ്ക്കണമെന്നും ഗുസ്തി ഭരണസമിതി പിരിച്ചുവിടണമെന്നുമായിരുന്നു ആവശ്യം.
ഇതിന് പിന്നാലെ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ, മേരികോം,യോഗേശ്വര്‍ ദത്ത് എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണ കമ്മിറ്റി രൂപീകരിക്കുകയും കായികമന്ത്രാലയം ഇടപെട്ട് ഡബ്യു എഫ് ഐ പ്രവര്‍ത്തനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ബ്രിജ്ഭൂഷന്റെ നേതൃത്വത്തിലുള്ള പാനല്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു. 7 വനിതാ ഗുസ്തി താരങ്ങളായിരുന്നു ബൃജ് ഭൂഷന്റെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്.