പ്രായമായവരെ സംരക്ഷിച്ചില്ലെങ്കില്‍ മക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എഴുതി നല്‍കിയ ഇഷ്ടദാന ആധാരം റദ്ദാക്കാമെന്ന് മദ്രാസ് ഹൈക്കോടതി. വയസുകാലത്ത് തങ്ങളെ സംരക്ഷിക്കണമെന്ന് ആധാരത്തില്‍ പ്രത്യേകമായി എഴുതിച്ചേര്‍ത്തില്ലെങ്കില്‍ കൂടി ഇഷ്ടദാനം റദ്ദാക്കാന്‍ കഴിയുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. എസ് നാഗലക്ഷ്മി എന്ന സ്ത്രീയുടെ മരുമകള്‍ എസ് മാല സമര്‍പ്പിച്ച അപ്പീല്‍ തള്ളികൊണ്ടാണ് എസ് എം സുബ്രഹ്മണ്യം, കെ രാജശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.
തന്റെ മകനും മരുമകളും ജീവിതകാലം മുഴുവന്‍ തന്നെ പരിപാലിക്കുമെന്ന് കരുതിയാണ് നാഗലക്ഷ്മി മകന്‍ കേശവന് ഇഷ്ടദാനം എഴുതി നല്‍കിയത്. എന്നാല്‍ മകന്‍ നോക്കിയില്ലെന്ന് മാത്രമല്ല മകന്റെ മരണശേഷം മരുമകളും അവഗണിച്ചു. ഇതോടെ നാഗലക്ഷ്മി നാഗപട്ടണം ആര്‍ഡിഒയെ സമീപിച്ചു.തുടര്‍ന്ന് മരുമകള്‍ മാലയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആര്‍ഡിഒ ഇഷ്ടദാനം റദ്ദ് ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് മാല ഫയല്‍ ചെയ്ത ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് മാല അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന പ്രതീക്ഷയോടെയാണ് ഒരാള്‍ തന്റെ സ്വത്ത് കൈമാറ്റം ചെയ്യുന്നത്. എന്നാല്‍ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ സ്വത്ത് വാങ്ങുന്നയാള്‍ പരാജയപ്പെട്ടാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇഷ്ടദാനം അസാധുവാക്കാന്‍ ട്രൈബ്യൂണലിനെ സമീപിക്കാന്‍ അവസരം ഉണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. കേസില്‍ 87 വയസുണ്ടായിരുന്ന നാഗലക്ഷ്മിയെ മരുമകള്‍ പൂര്‍ണമായും അവഗണിച്ചെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.