ശാസ്ത്രമാണ് സത്യം; യെച്ചൂരിയുടെ മൃതദേഹം എയിംസിന്
എല്ലാക്കാലത്തും ശാസ്ത്രബോധത്തിനൊപ്പം സഞ്ചരിച്ച യെച്ചൂരി മരണശേഷം തന്റെ ശരീരം മെഡിക്കല്‍ കോളേജിനു വിട്ടുനല്‍കണമെന്ന് ആഗ്രഹിക്കുകയും അതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു
ഇന്നലെ അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് (എയിംസ്) വിട്ടുനല്‍കും. പഠനം, ഗവേഷണം എന്നീ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് മൃതദേഹം വിട്ടുനല്‍കുന്നത്. 'യെച്ചൂരിയുടെ കുടുംബാംഗങ്ങള്‍ പഠനത്തിനും ഗവേഷണത്തിനുമായി അദ്ദേഹത്തിന്റെ മൃതദേഹം ഡല്‍ഹി എയിംസിനു വിട്ടുനല്‍കിയിരിക്കുന്നു' എയിംസില്‍ നിന്നുള്ള പത്രക്കുറിപ്പില്‍ പറയുന്നു.
എല്ലാക്കാലത്തും ശാസ്ത്രബോധത്തിനൊപ്പം സഞ്ചരിച്ച യെച്ചൂരി മരണശേഷം തന്റെ ശരീരം മെഡിക്കല്‍ കോളേജിനു വിട്ടുനല്‍കണമെന്ന് ആഗ്രഹിക്കുകയും അതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന മൃതദേഹങ്ങള്‍ ശാസ്ത്ര രംഗത്തെ നൂതന പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമായി ഉപയോഗിക്കുകയാണ് പതിവ്.
ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് സീതാറാം യെച്ചൂരിയുടെ അന്ത്യം. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 19 നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് കൃത്രിമ ശ്വസന സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.