Sitaram Yechury: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് കൃത്രിമ ശ്വസന സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 19 നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.
1952 ഓഗസ്റ്റ് 12 നു ചെന്നൈയിലാണ് യെച്ചൂരിയുടെ ജനനം. മാതാപിതാക്കളായ സര്‍വേശ്വര സോമയജുല യെച്ചൂരിയും കല്‍പാക്കം യെച്ചൂരിയും ആന്ധ്ര സ്വദേശികളാണ്. പത്താം ക്ലാസ് വരെ ഹൈദരബാദിലാണ് യെച്ചൂരിയുടെ പഠനം. ഡല്‍ഹിയിലെ പ്രസിഡന്റ്‌സ് സ്‌കൂളില്‍ നിന്ന് ഓള്‍ ഇന്ത്യ ഫസ്റ്റ് റാങ്കോടെ പ്രീ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ഡല്‍ഹി സെയ്ന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദവും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (ജെഎന്‍യു) നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ജെഎന്‍യുവില്‍ തന്നെ ഇക്കണോമിക്‌സില്‍ ഡോക്ടറേറ്റ് ചെയ്യാന്‍ ചേര്‍ന്നെങ്കിലും ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയില്‍ പഠനം മുടങ്ങി. അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിക്കേണ്ടി വന്നതോടെയാണ് പഠനം മുടങ്ങിയത്.
1974 ല്‍ എസ്.എഫ്.ഐ സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് യെച്ചൂരി രാഷ്ട്രീയത്തിലേക്ക് എത്തിയത്. കേരളത്തില്‍ നിന്നോ ബംഗാളില്‍ നിന്നോ അല്ലാത്ത എസ്.എഫ്.ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റ് ആണ് യെച്ചൂരി. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് പടിപടിയായി ഉയര്‍ന്ന് 1992 ലെ 14-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015 ല്‍ വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് നടന്ന രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകളും യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരണമെന്ന് തീരുമാനിച്ചു. 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെയാണ് യെച്ചൂരിയുടെ വിടവാങ്ങല്‍.