അടുത്തിടെ ഉണ്ടായ ഭീകരാക്രമണങ്ങളിലും ഡൽഹി സ്‌ഫോടനത്തിലും കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ഷാരൂഖ് ഖാൻ. വീരമ്യത്യു വരിച്ച ജവാന്മാരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നുവെന്നും ഒന്നിനും ഇന്ത്യയെ തളർത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച മുംബൈയിൽ വെച്ച് നടന്ന ഗ്ലോബൽ പീസ് ഓണേഴ്സ് 2025 ചടങ്ങിനെ അഭിസംബോധന ചെയ്താണ് ഷാരൂഖ് ഖാൻ സംസാരിച്ചത്.
”26/11 ഭീകരാക്രമണം, പഹൽഗാം ഭീകരാക്രമണം, അടുത്തിടെയുണ്ടായ ഡൽഹി സ്‌ഫോടനങ്ങൾ എന്നിവയിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്ക് ആദരാഞ്ജലികൾ. ഈ ആക്രമണങ്ങളിൽ വീരമൃത്യു വരിച്ച നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നു.
രാജ്യത്തെ ധീരരായ സൈനികർക്കും ജവാന്മാർക്കുമായി ഈ മനോഹരമായ വരികൾ ചൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എന്തു ചെയ്യുന്നുവെന്ന് ആരെങ്കിലും ചോദിച്ചാൽ, ഞാൻ രാജ്യത്തെ സംരക്ഷിക്കുന്നു എന്ന് അഭിമാനത്തോടെ പറയുക. എത്രമാത്രം സമ്പാദിക്കുന്നുവെന്ന് ചോദിച്ചാൽ, 140 കോടി ജനങ്ങളുടെ അനുഗ്രഹം നേടുന്നുവെന്ന് പുഞ്ചിരിയോടെ പറയുക.
ഭയം തോന്നാറില്ലേ എന്ന ചോദ്യത്തിന് തങ്ങളെ ആക്രമിക്കുന്നവർക്കാണ് ഭയം തോന്നാറുള്ളതെന്ന് പറയുക. നമുക്ക് ഒന്നിച്ച് സമാധാനത്തിനായി ചുവടുകൾ വയ്ക്കാം. രാജ്യത്തിന്റെ സമാധാനത്തിന് വേണ്ടിയുള്ള നമ്മുടെ വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്. അതിന് വേണ്ടി ചുറ്റുമുള്ള ജാതി, മതം, വിവേചനം എന്നിവ മറന്ന് മനുഷ്യത്വത്തിന്റെ പാതയിലൂടെ നടക്കാം.”