Publish Date: Thu, 11 Jan 2018 (09:40 IST)
Updated Date: Thu, 11 Jan 2018 (09:41 IST)
എകെജിക്കെതിരായ വിവാദ പരാമർശത്തെ തുടർന്ന് വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ സിപിഎം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് പാലക്കാട് തൃത്താല നിയോജകമണ്ഡലത്തില്‍ യുഡിഎഫ് ഹർത്താൽ. ജില്ലയിലുടനീളം മണ്ഡലം അടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.
എകെജിക്കെതിരായ പരാമര്‍ശത്തില്‍ എംഎല്‍എ മാപ്പുപറയും വരെ പ്രതിഷേധവും ബഹിഷ്കരണവും തുടരുമെന്നാണ് സി പി എമ്മിന്റെ നിലപാട്. ഇതോടെ ഇതിനെതിരെ പ്രതിരോധം തീര്‍ക്കാനാണ് യുഡിഎഫ് തീരുമാനം.
ബൽറാമിന്റെ അഭിപ്രായ സഞ്ചാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സിപിഎമ്മിന്റെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കുകയില്ലെന്നും മര്യാദയ്ക്ക് മുന്നോട്ടു പോകുന്നതാണ് എല്ലാവർക്കും നല്ലതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്നലെയായിരുന്നു ബൽറാമിനു നേരെ ആക്രമം ഉണ്ടായത്. തൃത്താല മണ്ഡലത്തിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ ബൽറാമിനെ സിപിഎം പ്രവർത്തകർ തടയാൻ ശ്രമിക്കുകയും ഒടുവിൽ അത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.