കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി
ലഘുഭക്ഷണത്തിനും മറ്റ് സാധനങ്ങള്‍ക്കും ഉയര്‍ന്ന വില ഈടാക്കുന്നതിനെ സുപ്രീം കോടതി വിമര്‍ശിച്ചു.
രാജ്യത്തുടനീളമുള്ള മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ ലഘുഭക്ഷണത്തിനും മറ്റ് സാധനങ്ങള്‍ക്കും ഉയര്‍ന്ന വില ഈടാക്കുന്നതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. കുപ്പിവെള്ളത്തിന് 100 രൂപയും കാപ്പിയ്ക്ക് 700 രൂപയുമാണ് ഈടാക്കുന്നത്. വിലയില്‍ മാറ്റമില്ലെങ്കില്‍ ആളുകള്‍ തിയേറ്ററുകളിലേക്ക് വരുന്നത് ഉടന്‍ നിര്‍ത്തുമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.
മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളിലെ ടിക്കറ്റ് വില 200 രൂപയായി നിശ്ചയിച്ച കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്യാന്‍ കര്‍ണാടക ഹൈക്കോടതി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കുകയായിരുന്നു. നവംബര്‍ 25 ന് വിഷയം വീണ്ടും പരിഗണിക്കും.
മള്‍ട്ടിപ്ലക്‌സുകളില്‍ വില്‍ക്കുന്ന ഓരോ ടിക്കറ്റിന്റെയും ഓഡിറ്റബിള്‍ രേഖകള്‍ സൂക്ഷിക്കണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.