താലിബാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ഇതാദ്യം
അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രി അമീര്‍ഖാന്‍ മുത്തഖിയാണ് ഇന്ത്യയിലെത്തുന്നത്.
താലിബാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്. ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ ഉന്നതല സംഘം ഇന്ത്യയിലേക്ക് എത്തുന്നത്. അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിന്റെ വിദേശകാര്യ മന്ത്രി അമീര്‍ഖാന്‍ മുത്തഖിയാണ് ഇന്ത്യയിലെത്തുന്നത്. ഇദ്ദേഹം അടുത്ത ആഴ്ചയാണ് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 10 മുതല്‍ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇതുവരെയും ഔദ്യോഗികസ്ഥിതികരണം ഉണ്ടായിട്ടില്ല. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് കഴിഞ്ഞമാസം ഡല്‍ഹി സന്ദര്‍ശിക്കാനിരുന്ന മുത്താഖിയുടെ യാത്രാ റദ്ദാക്കിയിരുന്നു. പ്രമുഖ താലിബാന്‍ നേതാക്കള്‍ക്കെല്ലാം യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വിദേശയാത്രകള്‍ക്ക് ഇവര്‍ക്ക് പ്രത്യേക ഇളവ് നേടേണ്ടതുണ്ട്.
മെയ് 15ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മുത്തഖിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതേസമയം ഇന്ത്യ ഇതുവരെ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കണം എന്നാണ് ഇന്ത്യയുടെ ആവശ്യം.